'പൊതുരംഗത്ത് സജീവമായ യുവതി, നാടിന്റെ നഷ്ടം'; ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയെ കൊലപ്പെടുത്തിയത് ബി.ജെ.പി അനുഭാവിയെന്ന് പ്രദേശവാസികള്‍
Kerala News
'പൊതുരംഗത്ത് സജീവമായ യുവതി, നാടിന്റെ നഷ്ടം'; ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയെ കൊലപ്പെടുത്തിയത് ബി.ജെ.പി അനുഭാവിയെന്ന് പ്രദേശവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 4:05 pm

പാലക്കാട്: പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്.

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയാണ്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അതിനിടെ, സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതി സുജീഷിന് ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളും നാട്ടുകാരും ആരോപിച്ചു. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്ന് അറിയില്ല. പൊലീസ് പറയുമ്പോഴാണ് അക്കാര്യം അറിഞ്ഞത്. കൊലപാതകത്തിന് ശേഷമാണ് സുജീഷിന്റെ രാഷ്ട്രീയപശ്ചാത്തലം അന്വേഷിച്ചതെന്നും ഇതിലാണ് ആര്‍.എസ്.എസ് ബന്ധം വ്യക്തമായതെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛന്‍ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു.

കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്.

കൊലപ്പെടുത്തിയതിന് പിന്നാലെ സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തുകയും സൂര്യയുടെ മൊബൈല്‍ ഫോണ്‍ സുജീഷ് കൈമാറുകയും ചെയ്തതായും പൊലീസ് പറഞ്ഞു.