ഇടുക്കി: കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചി- ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍. ഇടുക്കി ചിന്നക്കനാലിലും ശാന്തന്‍പാറയിലും കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍, വിഷയത്തില്‍ ഈ മാസം 31 ന് മന്ത്രിതല ചര്‍ച്ച നടത്തുമെന്ന ഉറപ്പില്‍ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട് പ്രദേശങ്ങളിലും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ശാന്തന്‍പാറയില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചറെ ആന ചവിട്ടി കൊല്ലുകയും ചെയ്തു.
കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. കാട്ടാന ആക്രമണത്തിന്‍ ശാശ്വതമായ പരിഹാരം കാണാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. ജനവാസ മേഖലയിലിറങ്ങിയ ‘അരിക്കൊമ്പന്‍’ എന്ന കാട്ടാന റേഷന്‍ കട തകര്‍ത്തു.
അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന റേഷന്‍ സാധങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ റേഷന്‍ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.
ശാന്തന്‍പാറ ചിന്നക്കനാല്‍ ബി.എല്‍. റാമില്‍ കാട്ടാന വീട് തകര്‍ത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് വെളുപ്പിന് രണ്ട് മണിക്ക് അരികൊമ്പന്‍ തകര്‍ത്തത്. ബെന്നിയും ഭാര്യയും തലനാരിഴക്കാണ് രക്ഷപെട്ടത്. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്.
ഇടുക്കി ജില്ലയില്‍ ഇതുവരെ കാട്ടാന ആക്രമണത്തില്‍ 44 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. 11 ആളുകള്‍ മരണപ്പെട്ടിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.