തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോകിന്റെ പുതിയ നിയമനത്തിന് സ്റ്റേ. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ചിന്റെതാണ് നടപടി. ബി. അശോക് തന്റെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇന്ന് ആ കേസ് പരിഗണിച്ച ട്രിബ്യൂണൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് ഉയർത്തിയത്.
തദ്ദേശ പരിഷ്‌കാര കമ്മീഷന്റെ രൂപീകരണം എവിടെ വരെ എത്തിയെന്ന് ട്രിബ്യൂണൽ സർക്കാരിനോട് ആരാഞ്ഞു. അതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
ഓഫീസും കമ്മീഷനും ആകാതെയുള്ള ധൃതി പിടിച്ചുള്ള നിയമനത്തിന്റെ അർത്ഥമെന്തെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനോട് ചോദിച്ചു. എന്നാൽ അതിനുള്ള മറുപടിയായി സർക്കാർ പറഞ്ഞത് കാറും ഡ്രൈവറും അടക്കമുള്ള സൗകര്യങ്ങൾ ബി.അശോകന് നൽകിവരുന്നുണ്ടെന്നാണ്.
തുടർന്ന് ട്രിബ്യൂണൽ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കാറും ഡ്രൈവറുമല്ല ചെന്നിരിക്കാൻ ഓഫീസ് ആണ് ഒരു ഉദ്യോഗസ്ഥന് ആദ്യം നൽകേണ്ടതെന്ന് ട്രിബ്യൂണൽ വിമർശിച്ചു. ഒപ്പം എന്തുകൊണ്ട് കമ്മിറ്റി രൂപീകരിക്കാതെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചു എന്നത് വിശദമാക്കുന്ന എതിർ സത്യവാങ്മൂലം സമർപ്പിക്കാനും ട്രിബ്യൂണൽ ആവശ്യപ്പെട്ടു.
നേരത്തെ തദ്ദേശസ്വയംഭരണ കമ്മീഷനിലെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തെ മാറ്റിയത് ആ സ്ഥാനത്തേക്ക് ടിങ്കു ബിസ്വാളിനെ നിയമിക്കുകയും ചെയ്തിരുന്നു. ട്രിബ്യൂണലിന്റെ ഇടപെടലോടെ ബി. അശോക് തന്റെ പഴയ സ്ഥാനത്തേക്ക് തിരികെ വരികയും ടിങ്കു ബിസ്വാളിന് നൽകിയ അധിക ചുമതല റദ്ദാക്കപ്പെടുകയും ചെയ്യും.
ചട്ടങ്ങൾ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് അശോക് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു .ഐ.എ.എസ് കേഡറിനു പുറത്തുള്ള പദവിയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തിൽ പാലിച്ചില്ലെന്നാണ് അശോകിന്റെ വാദം.
ഭരണസർവീസിൽ സുപ്രധാന ചുമതല വഹിക്കുന്ന, കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല. തദ്ദേശ വകുപ്പിൽ നാല് മാസം മാത്രമേ താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐ.എ.എസ് ഉദ്യോഗസ്ഥർ സർവീസിലുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ബി. അശോകൻ പറഞ്ഞു.
ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി
നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവിൽസർവീസ് ചട്ടഭേദഗതി പ്രകാരം, സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കമ്മീഷൻ, ട്രിബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിൻ്റെ മുൻകൂർ അനുമതി വേണം.
ഇതിനായി സംസ്ഥാന സർക്കാരിന് കേന്ദ്രത്തിലേക്ക് ശുപാർശ അയയ്ക്കാം. കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പേഴ്‌സണൽ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയൽ പേഴ്‌സണൽ മന്ത്രാലയത്തിൻ്റെ ചുമതലയുള്ള പ്രധാനമന്ത്രിയാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മീഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്ധർ വ്യക്തമാക്കുന്നു.
Content Highlight: Local Reform Commission; IAS officer B. Ashok’s appointment stayed