| Thursday, 28th March 2024, 8:39 pm

സി.എ.എ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പൂജാരിമാര്‍ക്ക് അധികാരം നല്‍കിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വ്യക്തികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അധികാരം പ്രാദേശിക പൂജാരിമാര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നയാളുടെ മതം ഏതാണെന്ന് സ്ഥിരീകരിക്കാന്‍ ഓരോ സ്ഥലത്തേയും പ്രാദേശിക പൂജാരിമാര്‍ക്ക് അവകാശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സി.എ.എ ഹെല്‍പ്പ്‌ലൈനില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് ദി ഹിന്ദു അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാര്‍ച്ച് 21നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ്പ്‌ലൈന്‍ വഴി പുറത്ത് വിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സി.എ.എ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കണം. സത്യവാങ്മൂലവും മറ്റ് രേഖകളും ഹാജരാക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടാനുള്ള കാരണവും നിര്‍ബന്ധമായും നല്‍കണം.

ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി മാര്‍ച്ച് 26ന് ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലിയായ പേപ്പറിലോ ജുഡീഷ്യല്‍ പേപ്പറിലോ സ്റ്റാംപ് പതിപ്പിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് അവര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യത്തിന്, അത് ഏതെങ്കിലും പ്രാദേശിക പൂജാരിയെ സമീപിച്ചാല്‍ ലഭിക്കുമെന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്നും ലഭിച്ച മറുപടിയെന്ന് ഹിന്ദു അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ 2019ല്‍ കൊണ്ടുവന്ന നിയമത്തില്‍ മാര്‍ച്ച് 11നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അതും ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെയാണ് വിജ്ഞാപനം പുറത്തിറക്കുന്നത്. ഇതുപ്രകാരം 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന മുസ്‌ലിം ഇതര മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. നിയമം ഇന്ത്യയുടെ മതേതര ഘടനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Content Highlight: Local Priest Can Issue Eligibility Certificate Under CAA: Report

We use cookies to give you the best possible experience. Learn more