| Thursday, 6th October 2016, 12:58 pm

ഭീകരവാദക്യാമ്പുകള്‍ക്കു നേരെ പാക്ക് അധിനിവേശ കാശ്മീരില്‍ നാട്ടുകാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.


മുസഫറാബാദ്: പാക്ക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ പ്രദേശവാസികളുടെ പ്രതിഷേധം. ക്യാമ്പുകള്‍ക്കെതിരെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മുസാഫറാബാദ്, കോട്ട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്‌വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.

വര്‍ഷങ്ങളായി ഇവിടെ ഭീകര പരിശീലന ക്യാംമ്പുകളുണ്ടെന്നാണ് ഇവരുടെ വാദം. ഭീകരരെ ഇല്ലായ്മ ചെയ്യണമെന്നും ഭീകരര്‍ക്ക് താവളം നല്‍കിയതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും അവര്‍ പറയുന്നു. സമാധാനത്തോടെ ജീവിക്കാന്‍ ഇവിടെ സാധിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാക്ക് അധീന കാശ്മീരികളാണ് ഇത്തരം തീവ്രവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഇന്ത്യക്കെതിരെയുള്ള നിഴല്‍യുദ്ധത്തിന് പാക്ക് ചാര സംഘടനയായ ഐ.എസ്.ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. താലിബാന്റെ ഭീകര ക്യാമ്പുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.

നിരോധിക്കപ്പെട്ട സംഘടനകള്‍ക്കും ഭീകരക്യാംപുകള്‍ക്കും ഭക്ഷണവും റേഷനും ഇവിടെ നല്‍കുന്നതായി പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിലുള്ള പ്രാദേശിക നേതാവ് അറിയിച്ചു. മേഖലയിലെ സ്ത്രീകളോട് ഇവര്‍ അപമര്യാദയായി പെരുമാറാറുണ്ടെന്നും ഭീകരര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന നാട്ടുകാര്‍ പറയുന്നു.


ഭീകരക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. മാത്രമല്ല, ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു പ്രവേശിക്കാനാകാത്ത സ്ഥലങ്ങളുണ്ട്, അതും മാറ്റണം. ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധത്തിനിറങ്ങുമെന്നും ഗില്‍ജിത്തിലെ ഒരു നേതാവ് മുന്നറിയിപ്പ് നല്‍കി.

We use cookies to give you the best possible experience. Learn more