എടക്കരയിലെ വീട്ടില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു; യുവാവ് ഒളിവില്‍
Kerala News
എടക്കരയിലെ വീട്ടില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു; യുവാവ് ഒളിവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th November 2021, 8:46 am

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സൂഫിയാന്റെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൂഫിയാന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട് സൂഫിയാന്റെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് തോക്കും 11 തിരകളും പിടികൂടിയത്.

മലയോര മേഖലയില്‍ നായാട്ട് സജീവമായിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എടക്കര പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സൂഫിയാന്റെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും തിരകളും.

തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞതോടെയാണ് സുഫിയാന്‍ ഒളിവില്‍ പോയത്. ഇയാള്‍ നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണെന്നാണ് പൊലീസ് പറയുന്നത്.

പിടിച്ചെടുത്ത തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയക്കും. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

മലയോര മേഖലയില്‍ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു. കെ. അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Local made gun and bullet seized from Edakkara, Malappuram