| Tuesday, 9th July 2019, 9:02 am

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രാദേശിക നേതൃത്വം സഹകരിച്ചില്ല; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ഊര്‍മ്മിള മതോണ്ട്ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്‌തെന്നും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മ്മിള മതോണ്ട്ക്കര്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഊര്‍മ്മിള മതോണ്ട്ക്കര്‍ കത്ത് നല്‍കിയിരുന്നു.

താന്‍ തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും പോരാടിയതായും എന്നാല്‍ പ്രാദേശിക നേതൃത്വമാണ് പ്രചരണത്തിനിടെ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചതെന്നും ഊര്‍മ്മിള കത്തില്‍ പറയുന്നുണ്ട്.

പ്രാദേശിക നേതൃത്വം അടിത്തട്ടില്‍ തന്നെ തീര്‍ത്തും പരാജയമാണെന്നും ഊര്‍മ്മിളയുടെ കത്തില്‍ പറയുന്നു. പല നേതാക്കള്‍ക്കും രാഷ്ട്രീയ പക്വതയും അച്ചടക്കവും ഇല്ലെന്നും ഇത് മറ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദങ്ങളും ശത്രുതയും സൃഷ്ടിച്ചെന്നും താരത്തിന്റെ കത്തിലുണ്ട്.

പ്രചരണ വേളയില്‍ മുംബൈ കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹികളില്‍ നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നും പ്രചരണത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ചില പ്രവര്‍ത്തകര്‍ അസമയത്ത് കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായും ഊര്‍മിള ആരോപിക്കുന്നു.

മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചരണ റാലി സംഘടിപ്പിച്ചത് വളരെ അശ്രദ്ധമായാണെന്നും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്ന ദിവസം കോണ്‍ഗ്രസ് ബൂത്ത് മാനേജ്മെന്റ് മോശമായിരുന്നുവെന്നും ഊര്‍മിള കത്തില്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയോട് 4,65,000 വോട്ടുകള്‍ക്കാണ് ഊര്‍മിള പരാജയപ്പെട്ടത്. കോണ്‍ഗ്രസ് വിജയപ്രതീക്ഷ നിലനിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഊര്‍മ്മിള.

2004 ല്‍ മുംബൈ നോര്‍ത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി റാം നായിക്കിനെ പരാജയപ്പെടുത്തി നടന്‍ ഗോവിന്ദ മുംബൈ നോര്‍ത്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2009 ലും മുംബൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ബി.ജെ.പി സ്ഥാനാര്‍ത്ഥി നായിക്കിനെ പരാജയപ്പെടുത്തി.

എന്നാല്‍ 2014 ല്‍ ബി.ജെ.പി മണ്ഡലം തിരിച്ചുപിടിച്ചു. 3.8 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചത്. അതുകൊണ്ടുതന്നെ വളരെ കടുത്ത മത്സരമായിരുന്നു മുംബൈ നോര്‍ത്തിലുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more