|

കൈപ്പത്തിക്ക് വോട്ടഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥി ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി.

കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിയിലെത്തിച്ചത്.

ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആണ് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചത്. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മൂന്ന് പേരും ഓരോ നേതാക്കളുടെ പിന്തുണയോടെയായിരുന്നു മത്സരിക്കാന്‍ രംഗത്തെത്തിയത്.

കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം എ.കെ.ഹഫീസിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രീജ ചന്ദ്രന്‍ എത്തിയത്. നയന ഗംഗ, അനിത എന്നിവരായിരുന്നു ഇവര്‍ക്കൊപ്പം തന്നെ ഡിവിഷനില്‍ മത്സരത്തിനായി എത്തിയത്. അനുനയ ശ്രമങ്ങള്‍ക്ക് തയ്യാറാകാതെ മൂന്ന് പേരും ഒരു പോലെ വോട്ടഭ്യര്‍ഥന ആരംഭിച്ചതോടെ ഡി.സി.സി സമവായ ശ്രമം നടത്താനായി പ്രത്യേക കമ്മിറ്റിയെ വെച്ചു.

കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, പ്രദേശിക കോണ്‍ഗ്രസ് നേതാവ് ആണ്ടാ മുക്കം റിയാസ് എന്നിവര്‍ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളോടും പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിലപാടിലുറച്ചതോടെ ഡി.സി.സി നേതൃത്വം നയന ഗംഗയെ സ്ഥാനാര്‍ഥിയാക്കി.

ഇതോടെ പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയ ശ്രീജാ ചന്ദ്രന്‍ അതേ വാര്‍ഡില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി.

ഇതോടെ ചിഹ്നം മാറിയ വിവരം വോട്ടര്‍മാരെ അറിയിക്കാനുള്ള തിരക്കിലാണ് ശ്രീജ. എന്നാല്‍ സ്ഥാനാര്‍ത്ഥി തന്നെ മാറിയ വിവരം വീടുകള്‍ കയറി അറിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കൊല്ലം കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ വന്‍ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. ആകെയുള്ള 55 വാര്‍ഡുകളില്‍ 35 സീറ്റിലും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചത്. യു.ഡി.എഫ് വിജയം 16 സീറ്റിലൊതുങ്ങി. രണ്ട് സീറ്റിലായിരുന്നു ബി.ജെ.പി വിജയം.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: local body election 2020 sreeja chandran kollam thamarakkulam