2010ന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മിന്നും ജയം ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്കറിയില്ലേ; തോല്‍വിയില്‍ വിശദീകരണവുമായി മുല്ലപ്പള്ളി
Kerala News
2010ന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മിന്നും ജയം ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്കറിയില്ലേ; തോല്‍വിയില്‍ വിശദീകരണവുമായി മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 6:00 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2010ല്‍ മാത്രമാണ് യു.ഡി.എഫിന് മിന്നും ജയം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമാണ് മിന്നും ജയം കാഴ്ച വെക്കാന്‍ സാധിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘2010ല്‍ മാത്രമാണ് കേരളത്തില്‍ കോണ്‍ഗ്രസിനും ഐക്യജനാധിപത്യമുന്നണിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം കാഴ്ച വെക്കാന്‍ സാധിച്ചിട്ടുള്ളത്. കേരളത്തിലെ ചരിത്രത്തില്‍ 25 വര്‍ഷമെടുത്ത് പരിശോധിക്കൂ, മറ്റൊരു തെരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് വിജയമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല,’ മുല്ലപ്പള്ളി പറഞ്ഞു.

പിന്നീട് നടന്ന രാഷ്ട്രീയ വികാസങ്ങളും, പൊതു തെരഞ്ഞെുടുപ്പുകളും എന്താണ് തെളിയിച്ചിട്ടുള്ളതെന്നത് വിശദമായി പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അത് നന്നായി അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നാളെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്. എല്ലാവരും വരും. യോഗത്തില്‍ ആത്മാര്‍ത്ഥമായി ഞങ്ങള്‍ ആത്മ പരിശോധനാ രൂപത്തില്‍ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി കോണ്‍ഗ്രസിനെതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാനായെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരാണെന്ന ആരോപണം ശരിയല്ല. അതുപറയാന്‍ നിരവധി കാരണങ്ങളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍
ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും കോര്‍പറേഷന്‍ പ്രദേശങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാന്‍ യു.ഡി.എഫിന് സാധിച്ചു. ഗ്രാമ പഞ്ചായത്തില്‍ 2015ല്‍ 365 പഞ്ചായത്താണ് ലഭിച്ചത്. ഇത്തവണ വളരെ മുന്നോട്ട് പോയിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

കോര്‍പറേഷനിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചു. തെരഞ്ഞെടുപ്പില്‍ അന്തിമ ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവ പൂര്‍ണമായി തന്നെ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരും. വളരെ വിശദമായി പരിശോധിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും അമിതമായി ആഹ്ലാദിക്കാന്‍ ഒന്നുമില്ല. ജനങ്ങളെ വലിയ രീതിയില്‍ തെറ്റിധരിപ്പിക്കുന്ന പ്രകടനമാണ് സി.പി.ഐ.എം നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭരണ നേട്ടം മുന്നോട്ടം വെച്ചുകൊണ്ടായിരുന്നു എല്‍.ഡി.എഫ് വോട്ടു പിടിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു വികസന നേട്ടവും അവര്‍ മുന്നോട്ടു വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നെന്നും യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നുമായിരുന്നു എം. പി കെ. സുധാകരന്‍ നേരത്തെ പറഞ്ഞത്. നിലവില്‍ 377 ഗ്രാമപഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Local Body Election 2020 Mullappally Ramachandran says they haven’t  a mass victory after 2010