തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 20 വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. ബി.ജെ.പി ഒരിടത്ത് ജയിച്ചു.
അഞ്ച് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടന്ന കാസര്‍ഗോഡ് ജില്ലയില്‍ മൂന്നിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ജയിച്ചു. എന്നാല്‍ ബി.ജെ.പിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. ബി.ജെ.പിയില്‍ നിന്ന് 38 വോട്ടിനാണ് യു.ഡി.എഫ് ഈ വാര്‍ഡ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയില്‍ മൂന്ന് വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഒരു സീറ്റിലും യു.ഡി.എഫ് രണ്ട് സീറ്റിലും വിജയിച്ചു. ഇരു മുന്നണികളും സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
എറണാകുളത്ത് ആലുവ നഗരസഭയിലെ ഇരുപത്തിരണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ജെബി മേത്തര്‍ രാജ്യസഭാംഗം ആയതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവില്‍ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും, രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന പള്ളിക്കര സൗത്ത് വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി.