തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ബി.ജെ.പിക്ക് വീണ്ടും വോട്ട് ശതമാനത്തില്‍ കുറവ്.
29 തദ്ദേശ വാര്‍ഡുകളിലേക്ക് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി. സി.പി.ഐ.എമ്മില്‍ നിന്ന് ആറും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. എല്‍.ഡി.എഫ് 12 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി രണ്ടില്‍ ഒതുങ്ങി.
ബി.ജെ.പിയുടെ നിലവിലുണ്ടായിരുന്ന നാല് സിറ്റിങ് സീറ്റുകളില്‍ രണ്ട് എണ്ണമാണ് നഷ്ടപ്പെട്ടത്. ഇതില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച് മൂന്ന് സീറ്റുകളും നഷ്ടമായി. ആലപ്പുഴയില്‍ സി.പി.ഐ.എമ്മിനെ അട്ടിമറിച്ചു ഒരു സീറ്റ് നേടിയത് മാത്രമാണ് ബി.ജെ.പിയുടെ ഏക നേട്ടം എന്ന് വിശേഷിപ്പിക്കാന് കഴിയുന്നത്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി.പി.ഐ.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തത്. സി.പി.എം മെമ്പര്‍ തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് അയോഗ്യനാക്കിയതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്
250ഓളം വോട്ട് നേടിയിരുന്ന പല വാര്‍ഡുകളിലും ബി.ജെ.പിയുടെ വോട്ടുകള്‍ 100-125 എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിക്ക് 50ല്‍ താഴെ വോട്ടുകള്‍ക്ക് കിട്ടിയ വാര്‍ഡുകളും ഉണ്ട്.
ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ്, എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാര്‍ഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാര്‍ഡ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത് മഞ്ഞപ്പാറ വാര്‍ഡ്, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാര്‍ഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡ്, ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാര്‍ഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ഇതില്‍ പാണ്ടനാട് വാര്‍ഡ് ബി.ജെ.പിയില്‍ നിന്നും മറ്റുള്ളവ എല്‍.ഡി.എഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം
കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ. എല്‍ബറി വിജയിച്ചു. 103 വോട്ടുകള്‍ക്ക് സി.പി.ഐ.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജെ. ഷൈജ ടീച്ചര്‍ വിജയിച്ചു. 45 വോട്ടുകള്‍ക്ക് സി.പി.ഐ.എമ്മിലെ ഷംന ബീഗത്തെയാണ് പരാജയപ്പെടുത്തിയത്.
കൊല്ലം
പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയില്‍ കോണ്‍ഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകള്‍ക്ക് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെയാണ് പരാജയപ്പെടുത്തിയത്.
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവന്‍കോണം വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ ഗീത എസ് സി.പി.ഐ.എമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഇടുക്കി
ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം അംഗം ഇ.കെ. ഷാബു 253 വോട്ടിന് വിജയിച്ചു. എല്‍.ഡി.എഫ് സിറ്റിങ് സീറ്റാണ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ. ഷൈനിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താന്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി.ബി. ദിനമണി 92 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് അംഗം രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ഡി. പ്രദീപ് കുമാര്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍.ഡി.എഫ് സിറ്റിങ് സീറ്റാണിത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എല്‍.ഡി.എഫ് സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ആല്‍ബര്‍ട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തൃശൂര്‍
തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്റര്‍ 31ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉദയബാലന്‍ പിടിച്ചെടുത്തു. 110 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കോഴിക്കോട്
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് 272 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സി.പി.ഐ.എമ്മിലെ പി.സി. രഹനയെയാണ് തോല്‍പ്പിച്ചത്.
തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡ് മുസ്‌ലിം ലീഗ് നിലനിര്‍ത്തി. സി.എ. നൗഷാദ് മാസ്റ്റര്‍ക്ക് ജയം. 383 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കോടികണ്ടി അബ്ദുറഹിമാനെ തോല്‍പ്പിച്ചത്.
മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് വാര്‍ഡ് എല്‍.ഡി.എഫ് നിലനിലനിര്‍ത്തി. എ. ശശിധരന്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം. രാജനെ തോല്‍പ്പിച്ചത്.
മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫിലെ എം.എം. രവീന്ദ്രന്‍ 158 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ശശി പാറോളിയെ തോല്‍പ്പിച്ചത്.
ആലപ്പുഴ
മുതുകുളം നാലാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.എസ്. ബൈജു 487 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റില്‍ ബി.ജെ.പി ജയിച്ചു. വോട്ട് നില: ബി.ജെ.പി 286, കോണ്‍ഗ്രസ് 209, സി.പി.ഐ.എം 164.
പാണ്ടനാട് ഏഴാം വാര്‍ഡിലും യു.ഡി.എഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം. പാലമേല്‍ 11-ാം വാര്‍ഡില്‍ യു.ഡി.എഫ് ജയിച്ചു.
മലപ്പുറം
മലപ്പുറം നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 31ാം വാര്‍ഡായ കൈനോട് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐ.എമ്മിലെ സി. ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എറണാകുളം
എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സീറ്റ് ഇവര്‍ പിടിച്ചെടുത്തത്. എല്‍.ഡി.എഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.
എറണാകുളം പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷന്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു. നിമിഷ ജിനേഷിന് 160 വോട്ടുകളാണ് ലഭിച്ചത്.
പാലക്കാട്
കുത്തനൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ജയം. കുത്തനൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ 381 വോട്ട് ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍. ശശിധരന്‍ വിജയിച്ചു.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കുളപ്പടികയില്‍ എല്‍.ഡി.എഫ് വിജയിച്ചു. സി.പി.ഐ സ്ഥാനാര്‍ത്ഥി വഞ്ചികക്കി 32 വോട്ടിനാണ് ജയിച്ചത്.
Content Highlight: Local Body By Election Results; BJP Defeated in sitting seats