| Monday, 8th July 2019, 1:40 pm

'പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അറിയില്ലേ?'; അഞ്ജു ബോബി ജോര്‍ജ് എന്ത് കൊണ്ട് പിന്മാറിയെന്ന് അറിയില്ലെന്ന് കര്‍ണാടക ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: മുന്‍ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കയ്യില്‍ നിന്ന് ബി.ജെ.പി പതാക ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. താരം ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. തൊട്ട് പിന്നാലെ തന്നെ വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രി വി. മുരളീധരനെ കാണുന്നതിന് വേണ്ടിയാണ് ബി.ജെ.പി വേദിയില്‍ എത്തിയതെന്നാണ് അഞ്ജു വിശദീകരിച്ചത്.

അഞ്ജുവിന്റെ വിശദീകരണം ശരിവെക്കുന്ന തരത്തില്‍ വി. മുരളീധരന്റെ പ്രതികരണവും വന്നു. അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും തന്നെ കാണാനായി വന്നതാണ് മുരളീധരന്‍ പറഞ്ഞത്.

എന്നാല്‍ മുരളീധരന്റെ വാക്കുകളെ തള്ളിക്കളയുന്ന രീതിയിലാണ് ബി.ജെ.പി കര്‍ണാടക നേതൃത്വത്തിന്റെ പ്രതികരണം. കര്‍ണാടക ബി.ജെ.പി മീഡിയ കണ്‍വീനറായ എസ്. ശാന്താറാമാണ് മുരളീധരന്റെ വാക്കുകളെ തള്ളി രംഗത്തെത്തിയത്.

അവര്‍ വേദിയിലേക്ക് വന്നു, പാര്‍ട്ടി പതാക ഏറ്റുവാങ്ങി, ഞങ്ങളുടെ സംസ്ഥാന അദ്ധ്യക്ഷന്‍ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് പറഞ്ഞു. എന്ത് കൊണ്ട് അവര്‍ അവരുടെ തീരുമാനം മാറ്റിയെന്ന് അറിയില്ല. വേദിയില്‍ കയറി അദ്ധ്യക്ഷന്റെ കയ്യില്‍ നിന്ന് പതാക ഏറ്റുവാങ്ങുന്നതിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ലേ?. എസ്. ശാന്താറാം എ.എന്‍.ഐയോട് പ്രതികരിച്ചു.

പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് താരം ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

We use cookies to give you the best possible experience. Learn more