| Tuesday, 4th September 2018, 3:32 pm

'നിന്നെയൊന്ന് തൊടണമെന്ന് കുറേക്കാലമായെടീ ചിന്തിക്കുന്നു' വെന്ന് പറഞ്ഞ് മര്‍ദ്ദനം; പരാതിപ്പെട്ടിട്ട് 15 ദിവസം: ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് 

ജിന്‍സി ടി എം

കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട് വൃത്തിയാക്കാനും കുടിവെള്ളം ശേഖരിക്കാനുമെത്തിയ സ്ത്രീയെ പ്രദേശത്തെ ബി.ജെ.പി നേതാവ് ക്രൂരമായി മര്‍ദ്ദിച്ചതു സംബന്ധിച്ച് പരാതിപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്. പരാതി നല്‍കി 15 ദിവസത്തിനിപ്പുറവും ഒരാളെപ്പോലും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല.

പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 20 തിങ്കളാഴ്ചയായിരുന്നു എറണാകുളം ജില്ലയിലെ വൈപ്പിനില്‍ താമസിക്കുന്ന ഷീല ആക്രമിക്കപ്പെട്ടത്. കുടവുമായി ടാങ്കര്‍ ലോറിയ്ക്കു സമീപമെത്തിയ ഷീലയെ പ്രദേശത്തെ ബി.ജെ.പി നേതാവായ അനില്‍കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിക്കുകയയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ഷീല പറയുന്നത്. അമ്പാടി മണിക്കുട്ടന്‍, ജീവന്‍ കുമാര്‍ എന്നിവരും അനില്‍കുമാറിനോടൊപ്പമുണ്ടായിരുന്നു.

“ലോറിയില് വെള്ളം വന്നെന്നറിഞ്ഞ് വെള്ളമെടുക്കാന്‍ വേണ്ടി പോയതാണ് ഞാന്‍. വെള്ളമെടുത്തുകൊണ്ടിരിക്കെ സമീപവാസിയായ ഇയാള്‍ വെറുതെ തര്‍ക്കിക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. പിന്നെയെന്റെ തലയ്ക്കിട്ടടിച്ചു. തടയാന്‍ ശ്രമിച്ച എന്റെ മകന്റെ തലയ്ക്കും ഇടിച്ചു. അടിയേറ്റ ഞാന്‍ വീണുപോയി. പിന്നെ നിലത്തിട്ട് ചവിട്ടി, പുറത്ത് അടിച്ചു.” മര്‍ദ്ദനത്തിന് ഇരയായ ഷീല ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഒഡീഷയിലെ ഘട്ടക്കില്‍ നിന്നും കേരളത്തില്‍ തൊഴില്‍ ചെയ്യാനെത്തിയ വീരന്‍ കുമാര്‍ മിശ്രയാണ് ഷീലയുടെ ഭര്‍ത്താവ്. രണ്ടു ആണ്‍കുട്ടികളുമുണ്ട്. ഇത് നാലാമത്തെ തവണയാണ് ഇയാള്‍ തന്റെ കുടുംബത്തെ ആക്രമിക്കുന്നതെന്നാണ് ഷീല പറയുന്നത്. മൂന്ന് പ്രാവശ്യവും ഭര്‍ത്താവിനും മക്കള്‍ക്കും നേരെയായിരുന്നു ആക്രമണം. ഒരു തവണ പിടിച്ചുകെട്ടി മര്‍ദ്ദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് തന്നെ മര്‍ദ്ദിക്കുന്നതെന്നും അവര്‍ പറയുന്നു.

“ഒരു പട്ടീനെപ്പോലെയാണ് എന്നെ ഈ പെരുവഴിയിലിട്ട് തല്ലിയത്. പിടിച്ചിട്ട് പറഞ്ഞതെന്താന്നോ? നിന്നെയൊന്ന് തൊടണമെന്ന് ഞാന്‍ കുറേക്കാലമായെടീ ചിന്തിക്കുന്ന്, നീ തന്നെയെനിക്ക് അവസരമുണ്ടാക്കി തന്നൂന്ന്.” ഷീല വിശദീകരിക്കുന്നു.

Also Read:ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ പരാജയം; സര്‍ക്കാരിനെ വിമര്‍ശിച്ച് ജലവിഭവവകുപ്പ് മുന്‍ മന്ത്രിമാര്‍

20ാം തിയ്യതി വൈകുന്നേരമായിരുന്നു സംഭവം നടന്നത്. അന്ന് ആശുപത്രിയിലേക്ക് പോകുംവഴി സ്‌റ്റേഷനില്‍ കയറി പരാതി നല്‍കിയിരുന്നെന്നും അവര്‍ പറയുന്നു. എത്രയും വേഗം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പൊലീസ് നിര്‍ദേശിച്ചതു പ്രകാരം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടറുണ്ടായിരുന്നില്ല. തുടര്‍ന്ന് അവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും അവര്‍ പറയുന്നു.

അവരവിടെ അഡ്മിറ്റ് ചെയ്തു. പിറ്റേദിവസം പൊലീസ് മൊഴിയെടുത്തശേഷമേ ഡിസ്ചാര്‍ജ് നല്‍കാന്‍ പറ്റൂവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. സാമ്പത്തികമായി പിന്നോക്കവസ്ഥയിലാണ് തങ്ങള്‍. തലേദിവസം വരെ ദുരിതാശ്വാസ ക്യാമ്പിലുമായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വരാമെന്നായിരുന്നു മറുപടി. 22ാം തിയ്യതി കഴിഞ്ഞിട്ടും ആരും അന്വേഷിക്കാന്‍ വന്നില്ല. കാശില്ലാത്തതിനാല്‍ മരുന്നുപോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസം ആശുപത്രിയില്‍ നിന്ന് കിട്ടിയ കുടിവെള്ളം മാത്രം കഴിച്ചാണ് അവിടെ നിന്നത്.

പിന്നീട് 23ാം തിയ്യതി ഒരു സുഹൃത്തു വഴി എസ്.ഐയുടെ നമ്പറില്‍ വിളിച്ച് കാര്യം പറഞ്ഞു. താന്‍ വന്ന് അന്വേഷിക്കാമെന്ന് എസ്.ഐ ഉറപ്പു നല്‍കി. എന്നാല്‍ അന്നും അദ്ദേഹം വന്നില്ല. പിറ്റേദിവസം വൈകുന്നേരം വനിതാ കമ്മീഷനെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തുകയും മൊഴിയെടുക്കുകയുമായിരുന്നു.

Must Read:വാടകക്കൊലയാളിക്ക് നല്‍കാമെന്നു പറഞ്ഞ പണം നല്‍കിയില്ല: ബി.ജെ.പി നേതാവിനെ കോടതിക്ക് പുറത്തുവെച്ച് വെടിവെച്ചു കൊന്നു

ഞായറാഴ്ച പൊലീസ് വീട്ടില്‍ വരാമെന്നും സാക്ഷികളെ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഞായറാഴ്ച വീട്ടില്‍ വന്ന് പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ അയല്‍വാസിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നെ മര്‍ദ്ദിച്ച കുടവുമായി പൊലീസ് പോയി. എന്നാല്‍ അതിനുശേഷം മറ്റു നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മൊഴി മാറ്റി പറയില്ലെന്ന് ഉറപ്പുള്ള രണ്ട് സാക്ഷികളുമായി വരൂവെന്നാണ്. ഇന്ന് രണ്ട് സാക്ഷികളെ സ്‌റ്റേഷനില്‍ എത്തിച്ചുകൊടുത്തശേഷമാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സംരക്ഷണം പ്രതികള്‍ക്കുണ്ടെന്നും അതിനാലാണ് അറസ്റ്റു വൈകുന്നതെന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസ് കോഡിനേറ്റര്‍ ജോര്‍ജ് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. കുടുംബത്തെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ തന്നെ വന്നുകണ്ട് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഷീലയും ഡൂള്‍ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രണ്ടുപേര്‍ വന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തിനു പിന്നാലെ ക്ലീനിങ് തിരക്കിലായതിനാലാണ് നടപടി വൈകിയതെന്നാണ് ഞാറയ്ക്കല്‍ എസ്.ഐയുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെന്നാണ് ജോര്‍ജ് പറയുന്നത്.

ഭയവും സഹായിക്കാന്‍ ആരും ഇല്ലാത്തതിനാലുമാണ് ഇതിനു മുമ്പ് ആക്രമിക്കപ്പെട്ടപ്പോള്‍ ഇവര്‍ പരാതി നല്‍കാതിരുന്നതെന്ന് ജോര്‍ജ് പറയുന്നു. ഒഡീഷാ സ്വദേശിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഈ കുടുംബം സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. ഇതിനുമുന്‍പ് വീരന്‍ കുമാറിനും മകനുമെതിരെ അക്രമം ഉണ്ടായപ്പോള്‍ വീരന്‍ കുമാറിന്റെ അമ്മ അദ്ദേഹത്തോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. ഭയന്നുപോയ അമ്മ നിരവധി തവണ ഒഡീഷയിലെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ മകനെ നിര്‍ബന്ധിച്ചിട്ടും വീരന്‍ കുമാര്‍ മിശ്ര തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പെയിന്റിംഗ് തൊഴിലാളിയായ ഒരു ഒഡീഷ സ്വദേശിയുടെ കുടുംബത്തിന് നേരെ അക്രമം നടത്തിയാല്‍ ഒന്നും സംഭവിക്കില്ലായെന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ഗുണ്ടകളുടെയും ധാര്‍ഷ്ട്യമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ജെയിംസ് അഭിപ്രായപ്പെട്ടു.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more