ന്യൂദല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രാലയം. വായ്പ പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി ജി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദല്‍ഹിയില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രശ്‌നമാണ് നിലനില്‍ക്കുന്നതെന്ന് കേരളം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് വായ്പ പരിധി ഉയര്‍ത്തണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് വായ്പ പരിധി 13,600 കോടിയായി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
ഇതില്‍ കൂടുതല്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം ചര്‍ച്ചയില്‍ അറിയിച്ചു. 19,351കോടി രൂപയുടെ അധിക വായ്പയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താത്കാലികമായി വായ്പ പരിധി ഉയര്‍ത്തണമെന്നും കോടതി വിധി എതിരാവുകയാണെങ്കില്‍ തുക പിന്നീട് തിരികെ എടുക്കാമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
എന്നാല്‍ എല്ലാ ആവശ്യങ്ങളും കേന്ദ്രം തള്ളുകയായിരുന്നു. ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ട് കേന്ദ്രവും കേരളവും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ അവകാശപ്പെട്ടു.
Content Highlight: loan limit can not be raised; centre kerala talks fail