വയനാട്: മാനന്തവാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ശ്രമം. ഇന്‍സ്റ്റന്റ് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ചൈനീസ് ആപ്പ് വഴി നിരവധി പേര്‍ക്കാണ് സന്ദേശങ്ങള്‍ ലഭിച്ചത്.
അഞ്ച് മിനിറ്റിനുള്ളില്‍ 7,000 മുതല്‍ 28,000 രൂപ വരെ വായ്പ കിട്ടുമെന്നും ഉടന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നും പറഞ്ഞ് മാനന്തവാടി കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ഫോണിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശമെത്തുകയായിരുന്നു. നൂറിലധികം പേര്‍ക്ക് സന്ദേശമെത്തിയതായാണ് റിപ്പോര്‍ട്ട്.
ഈ ലിങ്ക് തുറന്നവരുടെ ഫോണില്‍ ഹോം ക്യാഷ് എന്ന പേരിലുള്ള ചൈനീസ് ആപ്പ് ഇന്‍സ്റ്റാളായി. ഫോണിലെ എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ചോര്‍ന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ടെക്‌നിസാന്റ് എന്ന സൈബര്‍ സുരക്ഷാ കമ്പനി കണ്ടെത്തുകയായിരുന്നു. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചിച്ചുണ്ട്.
വായ്പ നല്‍കാനുള്ള സന്ദേശത്തിന് പുറമെ ദിവസേന 5,000 രൂപ ലഭിക്കുന്ന ജോലിയുണ്ടെന്ന തരത്തിലും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെന്നും, ഇടപാടുകാരില്‍ നിന്ന് ഇതുവരെ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് എം.ഡി മനോജ് കുമാര്‍ പറഞ്ഞു. ബാങ്കിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, പണം നഷ്ടപ്പെടുന്നതിന് മുമ്പ് തട്ടിപ്പ് തിരിച്ചറിയാനായതിന്റെ ആശ്വാസത്തിലാണ് മാനന്തവാടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്. ഓണ്‍ലൈന്‍ ലോണ്‍ കെണിയില്‍ ഉപഭോക്താക്കള്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസും ബാങ്ക് അധികൃതരും.
ചൈനീസ് സേവനദാതാവായ ആലിബാബാ ക്ലൗഡിലേക്കാണ് ഈ ആപ്പിന്റെ ഐ.പി വിലാസം എത്തുന്നത്. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളും പുതിയ രൂപത്തില്‍ വീണ്ടും സജീവമാവുകയാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി, പണം തട്ടിയെടുക്കാന്‍ ഈ ഒറ്റ ക്ലിക്ക് തന്നെ ധാരാളമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.