ബ്ലേഡ് കെണിയില്‍ കുടുങ്ങിയവര്‍ക്ക് അമ്പതിനായിരം രൂപ വായ്പ നല്‍കും
Daily News
ബ്ലേഡ് കെണിയില്‍ കുടുങ്ങിയവര്‍ക്ക് അമ്പതിനായിരം രൂപ വായ്പ നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2014, 12:03 am

[] തിരുവന്തപുരം: അംഗീകാരമില്ലാത്ത പണമിടപാട് കേന്ദ്രങ്ങളലില്‍ നിന്നും പണം വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് 50,000 രൂപ വരെ കടം നല്‍കാന്‍ തീരുമാനമായി. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ ഉപസമിതി യോഗത്തിലാണ് തീരുമാനം.

ബ്ലേഡ് കമ്പനികളുള്‍പ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും പണം പലിശക്കെടുത്ത് സാമ്പത്തിക ബാദ്ധ്യത നേരിടുന്നവര്‍ക്കാണ് വായ്പ ലഭ്യമാക്കുക. ബാങ്കുകളുടെ സ്റ്റാന്റേര്‍ഡ് പലിശ നിരക്കായിരിക്കും ഈ വായ്പക്കും ഈടാക്കുക. ഈ തുക അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയാകും.

എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന 50,000 എന്ന പരിധി ഉയര്‍ത്തി ഒരു ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് വിവിധ ബാങ്ക് മേധാവികള്‍ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളില്‍ നിന്നും അടിയന്തിര ആവശ്യങ്ങള്‍ക്ക് അയ്യായിരം രൂപ വരെയും ഒരാള്‍ ജാമ്യത്തില്‍ പതിനായിരം രൂപ വരെ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്.