ആറുമാസം കൂടി ലോഡ്‌ഷെഡിങ് തുടരണം: വൈദ്യുതി ബോര്‍ഡ്
Kerala
ആറുമാസം കൂടി ലോഡ്‌ഷെഡിങ് തുടരണം: വൈദ്യുതി ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2012, 12:04 am

തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി ലോഡ്‌ഷെഡിങ് തുടരണമെന്ന് വൈദ്യുതി ബോര്‍ഡ്. അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ചുമത്തുന്ന വിധത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ ഒന്ന് വരെ നിയന്ത്രണം തുടരണമെന്നാണ് ബോര്‍ഡിന്റെ നിലപാട്.[]

നിലവിലെ ലോഡ്‌ഷെഡിങ് നവംബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിര്‍ദേശങ്ങളുമായി ബോര്‍ഡ് വീണ്ടും രംഗത്തെത്തിയത്. വൈദ്യുതി നില മെച്ചപ്പെട്ടിട്ടില്ലെന്നും സ്ഥിതി കൂടുതല്‍ വഷളായെന്നും കാണിച്ച് ബോര്‍ഡ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ലോഡ്‌ഷെഡിങ് തുടരുന്ന കാര്യത്തില്‍ കമീഷന്‍ ഉടന്‍ തീരുമാനം എടുത്തേക്കും.

എന്നാല്‍ മറ്റ് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കമ്മീഷന്‍ സിറ്റിങ് നടത്തി പൊതുജനങ്ങളില്‍നിന്ന് തെളിവെടുക്കാനാണ് സാധ്യത. വൈദ്യുതിനില ബോര്‍ഡ് ഇന്നും വിലയിരുത്തും. രാവിലെയും വൈകുന്നേരവുമായുള്ള ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ഇതിന്റെ സമയം കൂട്ടണമെന്ന നിര്‍ദേശം പരിഗണിച്ചുവെങ്കിലും ബോര്‍ഡില്‍ തന്നെ അംഗീകാരം കിട്ടിയില്ല. വൈകുന്നേരത്തെ സമയം നിലവിലെ 6.30-10.30 എന്നത് മാറ്റി ആറ് മുതല്‍ 10 വരെയാക്കണം. രാവിലത്തെ സമയത്തില്‍ മാറ്റമില്ല. മാസം 200 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ചുമത്തണമെന്ന് ബോര്‍ഡ് വീണ്ടും ആവശ്യപ്പെട്ടു.

നേരത്തെ ഇത് കമ്മീഷന്‍ തള്ളിയിരുന്നു. നിലവില്‍ യൂണിറ്റിന് 11 മുതല്‍ 12 രൂപവരെയാണ് പൊതുവിപണിയിലെ വൈദ്യുതിവില. അധിക ഉപയോഗത്തിന് ഈ നിരക്ക് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. വ്യവസായങ്ങള്‍ക്ക് നിലവിലെ നിരക്കില്‍ നല്‍കുന്ന വൈദ്യുതി 75 ശതമാനമായി പരിമിതപ്പെടുത്തണം.

അതായത് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. 75 ശതമാനത്തിലേറെ ഉപയോഗിക്കുന്ന വൈദ്യുതിക്കും വിപണിവില ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടും. കാലവര്‍ഷം ദുര്‍ബലമായതിനാല്‍ നീരൊഴുക്കില്‍ വലിയ കുറവ് വന്നുവെന്ന് ബോര്‍ഡ് വിലയിരുത്തി. സംഭരണികളില്‍ 47 ശതമാനം വെള്ളമേയുള്ളൂ 1942.81 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളം.

ഇടുക്കിയടക്കമുള്ള നിലയങ്ങളില്‍ ഉല്‍പാദനം കുറച്ചു. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം എല്ലാ ജല നിലയങ്ങളില്‍ നിന്നുമായി 8.26 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിച്ചത്. ബ്രഹ്മപുരം, കോഴിക്കോട് നിലയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങി.

കായംകുളത്തുനിന്ന് 6.65 ദശലക്ഷം യൂണിറ്റാണ് വാങ്ങുന്നത്. 11.18 രൂപയാണ് ഇതിന്റെ വില. ബി.എസ്.ഇ.എസ് വില 11.35 രൂപയാണ്. സംസ്ഥാനത്തെ എല്ലാ താപനിലയങ്ങളുടെയും വൈദ്യുതിവില യൂണിറ്റിന് 10 രൂപക്ക് മുകളിലാണ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയാണ്.

ചൊവ്വാഴ്ചത്തെ ഉപഭോഗം 55.45 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 16.61 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലതാപ നിലയങ്ങളില്‍നിന്നുള്ള ഉല്‍പാദനം. ബാക്കി 38.84 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് ഇറക്കുമതിചെയ്യുകയാണ്. ഇതില്‍ 24.66 ദശലക്ഷം യൂണിറ്റ് കേന്ദ്രവിഹിതമാണ്. ബാക്കി പൊതുവിപണിയില്‍നിന്ന് വാങ്ങുന്നു.