അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരവും ആഗ്രഹിക്കാത്ത മോശം റെക്കോഡുമായി നീമീബിയന്‍ ഓപ്പണര്‍ ലോ-ഹാന്‍ഡ്രേ ലോറന്‍സ്. ഏകദിനത്തില്‍ 23 പന്ത് നേരിട്ടിട്ടും ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ പുറത്തായതോടെയാണ് താരം ചരിത്രത്തിലെ ഏറ്റവും മോശം റെക്കോഡുകളിലൊന്നിന്റെ ഉടമയായത്.
ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് ലോറന്‍സ് പുറത്താകുന്നത്. ബ്രാന്‍ഡന്‍ മക്മുള്ളന്റെ പന്തില്‍ സാഫിയാന്‍ ഷെരീഫിന് ക്യാച്ച് നല്‍കിയാണ് താരം പുറത്താകുന്നത്. നേരിട്ട 23ാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പേ ലോറന്‍സ് തിരിച്ചുനടന്നു.
ഏറ്റവുമധികം പന്ത് നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന ഓപ്പണര്‍ എന്ന മോശം നേട്ടവും ഇതോടെ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ ഡക്കും ഇത് തന്നെയാണ്.
അതേസമയം, മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡ് വിജയിച്ചിരുന്നു. ഡക്ക്‌വര്‍ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമ പ്രകാരമായിരുന്നു ടീമിന്റെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ജോര്‍ഡ് മന്‍സിയും ഫിഫ്റ്റിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണുമാണ് സ്‌കോട്‌ലാന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
നമീബിയക്കായി ബെര്‍ണാര്‍ഡ് സ്‌കോള്‍സ് മൂന്ന് വിക്കറ്റ് നേടി. തെന്‍ഗേനി ലുന്‍ഗാമെനി, ക്യാപ്റ്റന്‍ ജെറാള്‍ഡ് എറാസ്മസ്, ബെന്‍ ഷികോന്‍ഗോ എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങയ നമീബിയക്കായി ഓപ്ണറും ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിന്‍ഗെന്‍ 85 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 51 പന്തില്‍ 63 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ എറാസ്മസ് സ്വന്തമാക്കിയത്.
സ്‌കോട്ടിഷ് നിരയിലേതെന്ന പോലെ വണ്‍ ഡൗണായി ഇറങ്ങിയ താരം തന്നെയാണ് നമീബിയന്‍ നിരയിലെയും മൂന്നാമത് മികച്ച റണ്‍വേട്ടക്കാരന്‍. 39 പന്തില്‍ 34 ജാന്‍ ഫ്രൈലിന്‍ക് പുറത്തായത്.
44ാം ഓവറില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം തടസ്സപ്പെടുമ്പോള്‍ ഒമ്പത് വിക്കറ്റിന് 235 എന്ന നിലയിലായിരുന്നു നമീബിയ. ഡി.എല്‍.എസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ നമീബിയ 48 റണ്‍സിന് പുറകിലായിരുന്നു. ഇതോടെ സ്‌കോട്‌ലാന്‍ഡ് 47 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.
സ്‌കോട്‌ലാന്‍ഡിനായി മൈക്കല്‍ ലീസ്‌ക് നാല് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വാട്ട് രണ്ട് വിക്കറ്റും നേടി. ബ്രാന്‍ഡന്‍ മക്മുള്ളന്‍, ജാക് ജാര്‍വിസ്, ജാസ്പര്‍ ജോണ്‍ ഡേവിഡ്‌സണ്‍ എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.
Content highlight: Lo-handre Louwrens created an unwanted record