[]കോഴിക്കോട്: കേരളാ കോണ്‍ഗ്രസിന്(എം)പിന്നാലെ യു.ഡി.എഫിലെ മറ്റൊരു പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗില്‍ നിന്നും മുന്നണി മാറ്റത്തിന്റെ സൂചനകള്‍ ഉയരുന്നു.
ആവശ്യമെങ്കില്‍ ഇടതുമുന്നണിയുമായി ധാരണയിലെത്തണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിയി യോഗത്തില്‍ ഭൂരിപക്ഷം ജില്ലാ കമ്മറ്റികളും ആവശ്യപ്പെട്ടു.
കണ്ണൂര്‍ ഒഴികെയുള്ള പതിമൂന്ന് ജില്ലാ കമ്മറ്റികളും ഇടതുപപക്ഷ മുന്നണിയുമായി സഹകരിക്കണമെന്ന ആവശ്യമുയര്‍ത്തിയതായാണ് സൂചന. കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
ലീഗ് സ്വന്തം വഴി തേടണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ മുന്നണിമാറ്റം എളുപ്പമല്ലെന്ന് നേതൃത്വം മറുപടി നല്‍കി. സി.പി.ഐ.എമ്മില്‍ വി.എസ് കാലം കഴിഞ്ഞെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. യു.ഡി.എഫിലെ സ്വരചേര്‍ച്ചയില്ലായ്മ പരിഹരിച്ചിട്ടില്ല എന്നത് സത്യമാണെന്നും എന്നാല്‍ മുന്നണി മാറ്റം ഇപ്പോള്‍ അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
യു .ഡി.എഫ് നേരെയാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഘടകകക്ഷികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്ന യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ലിഗ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആവശ്യങ്ങള്‍.
യു.ഡി.എഫില്‍ ഘടകക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കണമെന്ന് നിരവധി തവണ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് പോരില്‍ പ്രതിഷേധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ലീഗ് തനിയെ രംഗത്തിറങ്ങുകയും ചെയ്്തു.
പല കാര്യങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചിട്ടും കോണ്‍ഗ്രസ്സ് നേതൃത്വം പരിഹാര നടപടികളെടുമായി മുന്നോട്ട് വരാത്തതാണ് ലീഗിന്റെ കീഴ്ഘടകങ്ങളെ ചൊടിപ്പിക്കാന്‍ കാരണമായതെന്ന് വ്യക്തം.