സി.എ.എ, ജനാധിപത്യ ധ്വംസനം, ഭീഷണി; ഇതെല്ലാം മോദിയോട് സംസാരിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനോട് അമേരിക്കന്‍ സെനറ്റര്‍; കത്ത് മടക്കിവെക്കുമോ?
World News
സി.എ.എ, ജനാധിപത്യ ധ്വംസനം, ഭീഷണി; ഇതെല്ലാം മോദിയോട് സംസാരിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനോട് അമേരിക്കന്‍ സെനറ്റര്‍; കത്ത് മടക്കിവെക്കുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 11:07 am

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയിലെത്തുകയണ്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് യു.എസ് സര്‍ക്കാര്‍ പ്രതിനിധി ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. തന്റെ ആദ്യ പര്യടനത്തില്‍ ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നു എന്ന പ്രത്യേകതകൊണ്ടും സവിശേഷമാണ് ഈ സന്ദര്‍ശനം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വര്‍ദ്ധിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം ലോയ്ഡ് ഓസ്റ്റിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സൗഹൃദ സംവാദങ്ങള്‍ക്കപ്പുറം പുതിയൊരു ചര്‍ച്ചകൂടി ഉയര്‍ന്നുവരികയാണ്.

അമേരിക്കന്‍ സെനറ്ററായ ബോബ് മെനന്‍ഡസ് ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ലോയ്ഡ് ഓസ്റ്റിന് എഴുതിയ കത്തുമായി ബന്ധപ്പെട്ടതാണ് ചര്‍ച്ചകള്‍.

ഇന്ത്യയിലെ സര്‍ക്കാര്‍ ജനാധിപത്യമൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു എന്ന് കാണിച്ചാണ് ബോബ് ലോയ്ഡ് ഓസ്റ്റിന് കത്തെഴുതിയത്. ഇന്ത്യയിലെ ജനാധിപത്യം ശിഥിലമാകുന്നതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കണമെന്നാണ് ബോബ് ഓസ്റ്റിനോട് ആവശ്യപ്പെട്ടത്.

ഇതിനുപുറമെ റഷ്യയില്‍ നിന്നും ഇന്ത്യ എസ്-400 മിസൈലുകള്‍ വാങ്ങിയതിനെക്കുറിച്ചും സംസാരിക്കണമെന്ന് സ്റ്റേറ്റ് ഫോറിന്‍ റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബോബ് മെനന്‍ഡസ് ആവശ്യപ്പെട്ടിട്ടുണ്ട്.

” ഇന്ത്യയും-യു.എസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ സഹകരണം ജനാധിപത്യമൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് എന്നത് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. പക്ഷേ ഇന്ത്യ അത്തരം മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ്,”
മാര്‍ച്ച് 17നാണ് ബോബ് ലോയ്‌സ്ഡ് ഓസ്റ്റിന് കത്തെഴുതുന്നത്.

ഇന്ത്യയിലെ പൗര്വഭേദഗതി നിയമം, കാര്‍ഷിക നിയമം തുടങ്ങിയവയെക്കുറിച്ച് ബോബ് എഴുതിയ കത്തില്‍ പരാമര്‍ശമുണ്ട്. സര്‍ക്കാരിന്റെ വിമര്‍ശകരെയും മാധ്യമപ്രവര്‍ത്തകരെയും കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ബോബ് കത്തില്‍ പറയുന്നു.

” കാര്‍ഷിക നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ കേന്ദ്രം കൈകാര്യം ചെയ്യുന്ന രീതിയും, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന രീതിയും വിമര്‍ശിക്കപ്പെടേണ്ടതാണ്,” ബോബ് എഴുതി.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയിലെ കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ അഭിഭാഷകരുടെ കൂട്ടായ്മയും കത്തെഴുതിയിരുന്നു. ബൈഡന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ പറഞ്ഞത്. എന്നാല്‍ ബൈഡന്‍ കാര്‍ഷിക നിയവുമായി ബന്ധപ്പെട്ട് ഇതുവരെ സംസാരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഓസ്റ്റിന്‍ ബോബിന്റെ കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.