ആലപ്പുഴ: അമ്പലത്തിലെ ഉത്സവത്തിന് ‘മുസ്‌ലിം ടച്ചുള്ള പാട്ട് പാടി’ എന്ന് ആരോപിച്ച്
പാട്ടുപുര മ്യൂസിക്ക് ബാന്റിന് നേരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമം. ശനിയാഴ്ച വൈകീട്ട് കാരക്കാട് അമ്പലത്തില്‍ ശാസ്താംകോട്ട പാട്ടുപുര എന്ന മ്യൂസിക്ക് ബാന്റിന്റെ നാടന്‍പാട്ട് പരിപാടിക്കിടെയായിരുന്നു അക്രമം നടന്നത്.
‘ഹിന്ദുക്കള്‍ കാശ് മുടക്കുന്ന അമ്പലത്തില്‍ മുസ്‌ലിം പാട്ട് പാടി’യെന്ന് ആരോപിച്ചാണ് പിന്നണി ഗായകന്‍ മത്തായി സുനിലിനും സംഘത്തിനും നേരെ ബി.ജെ.പി പ്രാദേശിക നേതാവ് സുനു എന്‍. നായരുടെ നതൃത്വത്തില്‍ കയ്യേറ്റം ശ്രമം നടന്നത്.
മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ള ഒരു പാട്ട് പാടിയപ്പോഴാണ് അക്രമം നടന്നതെന്ന് പാട്ടുപുര മ്യൂസിക് ബാന്റ് പ്രതികരിച്ചു. സുനു .എന്‍ നായര്‍ പരിപാടിക്കിടെ കലാകാരന്മാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ മാനവികതയുടെ പാട്ടുകാരാണെന്നും മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് മാനവികതയുടെ ദര്‍ശനമാണ് തങ്ങളുടേതെന്നും മത്തായി സുനില്‍ എടക്കാട് വിഷയത്തില്‍ പ്രതികരിച്ചു.
സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയായ ക്ഷേത്ര സംസ്‌കാരത്തിന് അവമതിപ്പുണ്ടാക്കുന്ന ഇത്തരക്കാര്‍ക്ക് വേണ്ടി പാടാന്‍ പാട്ടുപുരയെ ക്ഷണിക്കരുതെന്നും, കാരണം ഞങ്ങള്‍ മാനവികതയുടെ പാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.
മത്തായി സുനില്‍ എടക്കാട് വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം
ഞങ്ങള്‍ മാനവികതയുടെ പാട്ടുകാര്‍
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ…..
നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ……
പ്രിയപ്പെട്ടവരേ,
ശനിയാഴ്ച (02-04-2023) പന്തളം കാരക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലായിരുന്നു പാട്ടുപുരയുടെ ഫോക് റവലൂഷന്‍ എന്ന നാടന്‍ പാട്ട് പ്രോഗ്രാം. വലിയ ഒരു ജനസഞ്ചയത്തിന് മുന്നില്‍ ഞങ്ങള്‍ പാടി തുടങ്ങി. നിലവില്‍ പാടിവരാറുള്ള മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ള ഒരു പാട്ട് പാടുന്ന നേരം ഒരു കമ്മിറ്റിക്കാരന്‍ വേദിയുടെ പിന്നില്‍ വന്ന് ഹിന്ദുക്കളുടെ അമ്പലത്തില്‍ ഹിന്ദുക്കളുടെ കാശ് കൊണ്ട് നടത്തുന്ന പരിപാടിയില്‍ മുസ്‌ലിങ്ങളുടെ പാട്ട് പാടാന്‍ ആര് പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ആക്രോശിച്ചു.
ഞങ്ങള്‍ എല്ലാ ഉത്സവ പരിപാടികളിലും പാടിവരാറുള്ള പാട്ടാണിത് എന്ന് പറഞ്ഞിട്ടും വര്‍ഗീയ വിഷം തുപ്പുന്ന ഭീഷണിയുടെ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.
മറ്റ് ചില കാരണങ്ങളാല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം പരിപാടി അവസാനിപ്പിച്ചു എങ്കിലും പാട്ടുപുരയുടെ പാട്ട് ജീവിതത്തില്‍ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്.
തിക്കുതെളിയേണം
ദേശം തെളിയേണം
ദേശത്താലെന്റീശ്വരന്‍ തെളിയേണം
മണ്ണു തെളിയേണം
മാനം തെളിയണം
മാലൊഴിഞ്ഞീ മനം തെളിയേണം, എന്ന് പാടിയ പൂര്‍വപിതാക്കന്‍മാരുടെ പിന്‍ തലമുറയാണ് ഞങ്ങള്‍. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് മാനവികതയുടെ ദര്‍ശനമാണ് ഞങ്ങളുടേത്.
ഞങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഏറെയും ക്ഷേത്രങ്ങളില്‍ തന്നെയാണ്. പക്ഷേ, ഒരിടത്തുപോലും കേള്‍ക്കാത്ത മതാന്ധതയുടെ വാക്കുകള്‍ അയ്യപ്പന്‍ എന്ന സങ്കല്‍പം നിലനില്‍ക്കുന്ന തിരുമുറ്റത്ത് നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് ഞെട്ടല്‍ ഉളവാക്കുന്നതാണ്. അയ്യപ്പനും വാവരു സ്വാമിയും മാനവികതയുടെ പക്ഷത്ത് നില്‍ക്കുന്ന പന്തളത്തിന്റെ മണ്ണില്‍ നിന്ന് ഇത്തരം ശബ്ദമുയരുന്നത് ഭയപ്പെടുത്തുന്നുണ്ട്.
സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയായ ക്ഷേത്ര സംസ്‌കാരത്തിന് അവമതിപ്പുണ്ടാക്കുന്ന ഇത്തരക്കാര്‍ക്ക് വേണ്ടി പാടാന്‍ പാട്ടുപുരയെ ക്ഷണിക്കരുത്. കാരണം ഞങ്ങള്‍ മാനവികതയുടെ പാട്ടുകാരാണ്.
Content Highlight: Allegedly ‘song with Muslim touch’ at temple festival An attempt by a BJP leader to encroach on the Patupura music band