ക്യാമ്പസ് രാഷ്ട്രീയം പ്രമേയമാക്കിക്കൊണ്ട് നിരവധി മലയാള സിനിമകൾ മുമ്പും ഇറങ്ങിയിട്ടുണ്ട്. ക്യാമ്പസ് കഥ പറയുന്ന ചിത്രമെന്ന രീതിയിൽ ആ ഴോണറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എൽ.എൽ.ബി. ക്യാമ്പസ് സൗഹൃദവും, പ്രണയവും, രാഷ്ട്രീയവുമെല്ലാം വിഷയമാക്കി മലയാളത്തിൽ ഇറങ്ങിയ സിനിമകളുടെ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് എൽ.എൽ.ബി.
ലൈഫ് ലൈൻ ഓഫ് ബാച്ച്ലേർസ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കലാലയത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നതെങ്കിലും കോളേജ് രാഷ്ട്രീയമല്ല ചിത്രം സംസാരിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ പ്രശ്നങ്ങൾ ഏതുതരത്തിലാണ് കുടുംബങ്ങളെ ബാധിക്കുന്നതെന്നും ചർച്ച ചെയ്യുന്നുണ്ട്.
മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാമാധവൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം കാലങ്ങൾക്കിപ്പുറം ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. ഇതിനോളം പോന്നൊരു ക്യാമ്പസ് ചിത്രം പിന്നീട് ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം.
2002 ൽ കമൽ പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ സൂപ്പർ ഹിറ്റ് ക്യാമ്പസ് ചിത്രമാണ് നമ്മൾ. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം ഇന്നും മലയാള പ്രേക്ഷകർക്കിടയിൽ റിപ്പീറ്റ് വാല്യൂ ഉള്ള ഒന്നാണ്.
രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ ഇറങ്ങിയ മറ്റൊരു ക്യാമ്പസ് ചിത്രമാണ് കൂട്ട്. ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നെങ്കിലും സിനിമയിലെ ഗാനങ്ങൾ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.
മലയാള സിനിമ പ്രേക്ഷകർക്കിടയിൽ നിവിൻ പോളിയെ സ്വീകാര്യനാക്കിയ വിനീത് ശ്രീനിവാസൻ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. കോളേജ് ക്യാമ്പസിലെ പ്രണയത്തിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ‘പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഡയലോഗുകളടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലും ചെറിയതോതിൽ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആയി എത്തിയ ഒരേ മുഖവും പൂർണ്ണമായി ഒരു ക്യാമ്പസ് ചിത്രം എന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമയാണ്. പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുതിയ മുഖം, കുഞ്ചാക്കോ ബോബൻ – ശാലിനി കൂട്ടുകെട്ടിൽ ഇറങ്ങിയ നിറം എന്നിവയെല്ലാം ക്യാമ്പസ് കഥകൾ പറഞ്ഞ വലിയ വിജയം നേടിയവയാണ്.
ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആനന്ദം, മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്നിവയെല്ലാം പുതിയ കാലത്തെ കോളേജ് ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമകളാണ്.
1987 ൽ പുറത്തിറങ്ങിയ മോഹൻലാൽ വേണു നാഗവള്ളി ചിത്രം സർവ്വകലാശാലയും മലയാളത്തിലെ മികച്ച കലാലയ സിനിമകളിൽ ഒന്നാണ്. അങ്ങനെ കാലങ്ങളായി സിനിമ ക്യാമ്പസിനുള്ളിൽ കയറിയിറങ്ങുന്നുണ്ട്.
എന്നാൽ കാലങ്ങളായി ഒരേ ഫോർമുലകൾ തന്നെയാണ് പല ക്യാമ്പസ് സിനിമകളിലും ഉപയോഗിക്കപ്പെടുന്നത്. പുതിയ ചിത്രമായ എൽ.എൽ.ബിയിലേക്ക് എത്തുമ്പോഴും അതിൽ വലിയ മാറ്റം സംഭവിക്കുന്നില്ല. സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫറോക്ക് എ.സി.പി കൂടിയായ എം.എം. സിദ്ധിക്കാണ്.
പാട്ടും ഡാൻസും പ്രണയവും സൗഹൃദവുമെല്ലാം കോർത്തിണക്കി ഒരു പക്കാ ക്യാമ്പസ് പടത്തിന്റെ എല്ലാം രുചി കൂട്ടുകളും ചേർക്കുമ്പോഴും അതിനപ്പുറം ചില കാര്യങ്ങൾ സംസാരിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അത് ഒരു പരിധി വരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പ്രധാന താരങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ്.
Content Highlight: LLB – Latest Entry In Campus Movies In Malayalam