ആലപ്പുഴ: സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ നേതാവ് എല്‍.കെ അദ്വാനി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞത് 20മിനിറ്റ്. കുത്തിയോട് സി.ഐ ഓഫീസിലാണ് എല്‍.കെ അദ്വാനിയെ കയറ്റിത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ഹിന്ദുസേന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായായിരുന്നു നടപടിയെന്നാണ് പൊലീസ് വിശദീകരണം.
യെച്ചൂരിക്കെതിരായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നാണ് അദ്വാനി പൊലീസ് സ്റ്റേഷനിലിരുത്തിയത്.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സ്വകാര്യസന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ അദ്വാനി നെടുമ്പാശേരിയില്‍ നിന്ന് കുമരകത്തേക്കുള്ള റോഡ് മുഖാന്തരമുള്ള യാത്രയിലായിരുന്നു.
അദ്വാനിക്കൊപ്പം മകള്‍ പ്രതിഭയുമുണ്ടായിരുന്നു. ബണ്ട് റോഡ് ജങ്ഷന്‍ വഴി കടന്നുപോകേണ്ടതാണ് വാഹനം. എന്നാല്‍ ഇതുവഴി സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പ്രകടനം കടന്നുവന്നു. തുടര്‍ന്ന് അദ്വാനിയുടെ വാഹനം വഴിതിരിച്ചുവിടുകയായിരുന്നു.
അദ്വാനിയെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചത് സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും യുക്തിപൂര്‍വ്വമായ തീരുമാനമായിരുന്നെന്ന് മധ്യമേഖലാ ഐ.ജി വിജയന്‍ അറിയിച്ചു.