| Saturday, 15th August 2020, 11:59 am

നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എല്‍.ജെ.പി; ബീഹാറിലെ സംഭവവികാസങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും രാംവിലാസ് പസ്വാന്റെ എല്‍.ജെ.പിയുമായുള്ള പോര് മുറുകുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് എല്‍.ജെ.പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്ന ജെ.ഡി.യു നേതാവ് ലാലന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്നാണ് എല്‍.ജെ.പി ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പസ്വാന്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇരിക്കുന്ന ചില്ലയുടെ കൊമ്പ് മുറിക്കുന്ന കാളിദാസനാണ് ചിരാഗ് പസ്വാനെന്ന് ലാലന്‍ സിങ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നിരീഷ് കുമാറടക്കമുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യുന്ന കാര്യം അറിയിച്ചിട്ട ട്വീറ്റിനെ ഉന്നംവെച്ചാണ് ജെ.ഡി.യുവിന്റെ വിമര്‍ശനമെന്നാണ് എല്‍.ജെ.പി ആരോപിക്കുന്നത്.

‘ലാലന്‍ സിങ് പ്രധാനമന്ത്രിയെ അപമാനിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിച്ചേക്കും’ ഒരു എല്‍.ജെ.പി നേതാവ് പറഞ്ഞു.

243 അംഗ ബീഹാര്‍ നിയമസഭയില്‍ രണ്ട് എം.എല്‍.എമാരാണ് എല്‍.ജെ.പിക്കുള്ളത്. എല്‍.ജെ.പി പിന്തുണ പിന്‍വലിച്ചാല്‍ത്തന്നെ സര്‍ക്കാരിന് ഇളക്കം തട്ടില്ലെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്. എന്നാല്‍, സംസ്ഥാനത്തെ രണ്ട് ബി.ജെ.പി കക്ഷികള്‍ തമ്മിലുള്ളബന്ധത്തില്‍ വിള്ളലുകള്‍ വീണേക്കും.

നിതീഷ് കുമാറിന്റെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ കുറച്ചു നാളായി ചിരാഗ് പാസ്വാന്‍ നടത്തിവരുന്നത്. ജെ.ഡിയുവുമായി സംസ്ഥാനത്ത് തങ്ങള്‍ സഖ്യത്തിലല്ലെന്നും ബി.ജെ.പിയുമായി മാത്രമാണ് തങ്ങളുടെ സഖ്യമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

എല്‍.ജെ.പിയോട് ഒട്ടും അനുനയപ്പെട്ട പ്രതികരണമല്ല ജെ.ഡി.യുവും നടത്തുന്നത്. സംസ്ഥാനത്തെ ബി.ജെ.പിയുമായി എല്ലാ കാര്യങ്ങളിലും, സീറ്റ് നിര്‍ണയത്തിലടക്കം മികച്ച ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ജെ.ഡി.യു പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.

എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലൊഴികെ മറ്റൊരു തെരഞ്ഞെടുപ്പിലും എല്‍.ജെ.പിയുമായി തങ്ങള്‍ സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടില്ല. തങ്ങള്‍ക്ക് ബീഹാറില്‍ എല്‍.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്നും കെ.സി ത്യാഗി പറഞ്ഞു.

എല്‍.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള വാക്പോരില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സന്തോഷത്തിലാണ്. സംസ്ഥാനത്ത് സഖ്യത്തിലല്ലെങ്കിലും എന്‍.ഡി.എ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി ഭരണകക്ഷിക്കെതിരെ വലിയ വിമര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഇരു പാര്‍ട്ടികളും കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LJP May Withdraw Support to Nitish Kumar Govt in Bihar

We use cookies to give you the best possible experience. Learn more