| Sunday, 5th December 2021, 10:54 am

പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം; നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചു. ഇന്നലെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഒറ്റ ഷെഡ്യൂളില്‍ തന്നെയാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

പ്രമേയത്തിലും ചിത്രീകരണത്തിലും വ്യത്യസ്തനായ പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിതം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചുരുളിയുടെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെയാണ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരവും പുറത്തുവരുന്നത്.

മമ്മൂട്ടിയുടെ കമ്പനിയായ പ്ലേ ഹൗസ് പ്രൊഡക്ഷന്‍സും ഒപ്പം ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കഴിഞ്ഞ ദിവസം പഴനിയിലാണ് ചിത്രീകരണം അവസാനിച്ചത്. രമ്യ പാണ്ട്യന്‍ ആണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.

പെല്ലിശ്ശേരിയുടേതായി അവസാനം ഇറങ്ങിയ ചിത്രം ചുരുളി വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ചിത്രത്തിലെ തെറിവിളിക്കെതിരെയാണ് വിവാദമുയര്‍ന്നത്.
സോണി ലൈവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസറും രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more