| Wednesday, 12th August 2020, 2:56 pm

എല്‍.ജെ.പിയെ തള്ളി നിതീഷ് കുമാറിന്റെ ജെ.ഡിയു, തര്‍ക്കം മുറുകുന്നു; ചിരിച്ച് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.യുവും രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. എല്‍.ജെ.പിയുടെ വിമര്‍ശനങ്ങളോട് ഒട്ടും മയപ്പെടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ജെ.ഡി.യുവിന്റെ പ്രതികരണം നല്‍കുന്നത്.

നിതീഷ് കുമാറിന്റെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ കുറച്ചു നാളായി ലോക്ജനശക്തി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ നടത്തിവരുന്നത്. ജെ.ഡിയുവുമായി സംസ്ഥാനത്ത് തങ്ങള്‍ സഖ്യത്തിലല്ലെന്നും ബി.ജെ.പിയുമായി മാത്രമാണ് തങ്ങളുടെ സഖ്യമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ലോക്ജനശക്തി പാര്‍ട്ടിയോട് ഒട്ടും അനുനയപ്പെട്ട പ്രതികരണമല്ല ജെ.ഡി.യു ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പിയുമായി എല്ലാ കാര്യങ്ങളിലും, സീറ്റ് നിര്‍ണയത്തിലടക്കം മികച്ച ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ജെ.ഡി.യു പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലൊഴികെ മറ്റൊരു തെരഞ്ഞെടുപ്പിലും ലോക്ജനശക്തി പാര്‍ട്ടിയുമായി തങ്ങള്‍ സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ബീഹാറില്‍ എല്‍.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്നും കെ.സി ത്യാഗി പറഞ്ഞു.

ലോക്ജനശക്തി പാര്‍ട്ടിയും ജെ.ഡി.യുവും തമ്മിലുള്ള വാക്‌പോരില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സന്തോഷത്തിലാണ്. സംസ്ഥാനത്ത് സഖ്യത്തിലല്ലെങ്കിലും എന്‍.ഡി.എ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി ഭരണകക്ഷിക്കെതിരെ വലിയ വിമര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഇരു പാര്‍ട്ടികളും കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more