| Monday, 30th January 2023, 9:56 am

എല്‍.ജെ.പി എന്ന മഹാന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല, മമ്മൂട്ടിയോട് പോലും പറഞ്ഞോയെന്നറിയില്ല: രാജേഷ് ശര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെ മലയാളത്തിലിറങ്ങിയതില്‍ എറ്റവുമധികം ചര്‍ച്ചയായ ചിത്രമാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ നന്‍പകല്‍ നേരത്ത് മയക്കം. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടന യാത്രക്ക് പോയി തിരിച്ച് വന്ന സംഘത്തില്‍ നിന്നും ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയും പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നേറുന്നത്.

ചിത്രത്തെ പറ്റി പല വ്യാഖ്യാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ക്ലൈമാക്‌സിനെ പറ്റി പല സാധ്യതകളും പ്രേക്ഷകര്‍ പറഞ്ഞു. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇത്തരം കാര്യങ്ങളൊന്നും തങ്ങളോട് സംസാരിച്ചിരുന്നില്ലെന്ന് പറയുകയാണ് നടന്‍ രാജേഷ് ശര്‍മ. മമ്മൂട്ടിയോട് പോലും എന്തെങ്കിലും പറഞ്ഞോ എന്നറിയില്ലെന്നും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് റിയാക്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും രാജേഷ് ശര്‍മ പറഞ്ഞു. ഡൂള്‍ന്യൂസിനായി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പറ്റി അദ്ദേഹം സംസാരിച്ചത്.

‘എല്‍.ജെ.പി എന്ന മഹാന്‍ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. മമ്മൂട്ടിയോട് പോലും പറഞ്ഞിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. വേളാങ്കണ്ണിയില്‍ പോയി തിരിച്ച് വരുന്ന സംഘത്തില്‍ നിന്നും ഒരാളെ കാണാതെ പോകുന്നു. തുടര്‍ന്ന് വരുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് റിയാക്ഷന്‍ കൊടുക്കുക. അത്രയേ പറഞ്ഞുള്ളൂ. അവിടെ അഭിനേതാക്കള്‍ ഏറ്റവും നല്ല മെറ്റീരിയലുകളായിരുന്നു. ചലിക്കുന്ന പ്രോപ്പര്‍ട്ടീസ് എന്ന് വേണമെങ്കില്‍ പറയാന്‍ പറ്റും.

പിന്നെ അത്യാവശ്യം ഇമ്പ്രൊവൈസേഷന്‍ കൊടുക്കുക. സാധാരണ നാടകത്തില്‍ ആളുകള്‍ പറയുന്ന ചില വാക്കുകള്‍ ഉപയോഗിച്ചോട്ടെ എന്ന് ഹരീഷിനോട് ഞാന്‍ ചോദിച്ചിരുന്നു. തട്ട്, ക്യാമ്പ് എന്നൊക്കെ പറയുന്ന വാക്കുകള്‍. അതിന് എനിക്ക് അനുവാദം തന്നിരുന്നു. മറ്റാരെങ്കിലുമൊക്കെ അങ്ങനെ പോയി ചോദിച്ചോ എന്നെനിക്ക് അറിയില്ല.

പല വാക്കുകള്‍ ചേര്‍ന്ന് ഒരു ആശയത്തെ പ്രസവിക്കുന്നതാണ് ഒരു കവിത. അത് ഇന്ന രീതിയിലെ വായിക്കാന്‍ പാടുള്ളൂ എന്ന് കവിക്ക് പറയാന്‍ പറ്റില്ല. വായിക്കുന്ന ആളിനെ അനുസരിച്ച് ഇരിക്കും അതിലെ ആശയം. ഒരു വിഷയത്തെ പല തരത്തില്‍ വായിക്കപ്പെടുമ്പോഴാണ് അത് കവിത ആവുന്നത്. അങ്ങനെയൊരു കവിതയായി എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന് സംഭവിച്ചത്.

പിന്നെ ജെയിംസ് ഒരു നാടകക്കാരനാണ്. ചോളപാടത്തിനപ്പുറത്ത് ഒരു കഥയുണ്ടെന്ന് വേണമെങ്കില്‍ അയാള്‍ക്ക് ഓര്‍ക്കാം. കഥാപാത്രത്തിന്റെ വേഷമഴിച്ച് വെക്കുന്ന ഒരു രീതിയുണ്ട്. ജെയിസിന്റെ വേഷമഴിച്ച് വെച്ച് സുന്ദരമാവുകയും സുന്ദരത്തിന്റെ വേഷമഴിച്ച് ജെയിംസാവുകയും ചെയ്യുന്ന രസകരമായ കൊടുക്കല്‍ വാങ്ങലുണ്ട്. അതുവരെ പല നിലപാടുകളില്‍ നമുക്ക് വരാമെങ്കിലും ആ നിലപാടുകളെയെല്ലാം തകിടം മറിക്കുന്ന ഒരു മാജിക്കല്‍ റിയലിസം ക്ലൈമാക്സില്‍ നടക്കുന്നുണ്ട്.

പിന്നെ എല്‍.ജെ.പി എന്ന് പറയുന്ന ഒരു ബ്രാന്റ്, മമ്മൂക്ക എന്ന ബ്രാന്റ് ഇത് രണ്ടുമാണ് സിനിമ വിജയിക്കുന്നതിലുള്ള പ്രധാന ഘടകം. സിനിമയെക്കുറിച്ച് ഹൈപ്പ് വന്ന സമയത്ത് തന്നെ ആളുകള്‍ സൈന്‍ അപ്പ് ചെയ്തിരുന്നു. ഒരുപാട് ആളുകള്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് പറഞ്ഞ് ടിക്കറ്റ് അയച്ച് തന്നിരുന്നു. എടുക്കുന്ന എഫേര്‍ട്ടിന്റെ റിസള്‍ട്ട് ഏറ്റവും മനോഹരമായി അനുഭവിക്കുന്ന വ്യക്തികളായി മാറി ഞങ്ങളെല്ലാവരും. അങ്ങനെയൊരു മാജിക്കിന്റെ ഭാഗമാവാനായി,’ രാജേഷ് ശര്‍മ പറഞ്ഞു. അഭിമുഖത്തില്‍ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Content Highlight: LJP didn’t tell us anything, I don’t know if he even told Mammootty says Rajesh Sharma

We use cookies to give you the best possible experience. Learn more