| Tuesday, 12th May 2020, 10:33 pm

ബീഹാര്‍ എന്‍.ഡി.എ സര്‍ക്കാരില്‍ കല്ലുകടി; എതിരെ തിരിഞ്ഞ് സഖ്യകക്ഷി, പരസ്യ വിമര്‍ശനവുമായി ചിരാഗ് പസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ മുഖ്യ സഖ്യകക്ഷിയായ എല്‍.ജെ.പി രംഗത്തെത്തിയതോടെയാണ് സ്ഥിതി വഷളായത്. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും തിരിച്ചെത്തിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണെന്നും എല്‍.ജെ.പി ആരോപിച്ചു.

എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്റെ മകനാണ് ചിരാഗ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിയോജിപ്പുകളറിയിച്ച് തുറന്ന കത്തെഴുതിയ ചിരാഗ് ചാനല്‍ അഭിമുഖങ്ങളിലും സര്‍ക്കാരിനെതിരെ തിരിഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നു എന്നേയുള്ളു, ഇനിയും സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. കോട്ട അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കാത്തതില്‍ ഞങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്’, ചിരാഗ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ നേരത്തെയും എല്‍.ജെ.പി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബീഹാറില്‍ ബി.ജെ.പി സംബന്ധിച്ചിടത്തോളം എല്‍.ജെ.പിയില്‍നിന്നും വിമത ശബ്ദം ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ നിരത്തി നിതീഷ് കുമാറിനയച്ച കത്ത് ചിരാഗ് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും പങ്കുവെച്ചിരുന്നു. അതിഥി തൊഴിലാളികള്‍ക്കായി ഒരു മടുപ്പിക്കുന്ന രജിസ്‌ട്രേഷന്‍ സംവിധാനമാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നും ചിരാഗ് കത്തില്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് വിദ്യാഭ്യാസം കുറവാണെന്നും സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രീതിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

രാംവിലാസ് പസ്വാനും സംസ്ഥാനത്തിന്റെ കാര്യത്തല്‍ ഇടപെടാത്ത ബി.ജെ.പി നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പത്ത് ലക്ഷത്തിലധികം പേരുടെ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കാത്തത് സംസ്ഥാനത്തിന്റെ പിടിപ്പുകേടാണെന്നായിരുന്നു രാംവിലാസ് പസ്വാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more