പാട്‌ന: ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ മുഖ്യ സഖ്യകക്ഷിയായ എല്‍.ജെ.പി രംഗത്തെത്തിയതോടെയാണ് സ്ഥിതി വഷളായത്. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും തിരിച്ചെത്തിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണെന്നും എല്‍.ജെ.പി ആരോപിച്ചു.
എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്റെ മകനാണ് ചിരാഗ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിയോജിപ്പുകളറിയിച്ച് തുറന്ന കത്തെഴുതിയ ചിരാഗ് ചാനല്‍ അഭിമുഖങ്ങളിലും സര്‍ക്കാരിനെതിരെ തിരിഞ്ഞു.
‘ഞങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നു എന്നേയുള്ളു, ഇനിയും സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. കോട്ട അടക്കമുള്ള സ്ഥലങ്ങളില്‍നിന്നു തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാക്കാത്തതില്‍ ഞങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്’, ചിരാഗ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ നേരത്തെയും എല്‍.ജെ.പി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബീഹാറില്‍ ബി.ജെ.പി സംബന്ധിച്ചിടത്തോളം എല്‍.ജെ.പിയില്‍നിന്നും വിമത ശബ്ദം ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.