കോഴിക്കോട്: എല്‍.ജെ.ഡിയുടെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. ലയനം സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ജനതാദള്‍ സെക്യുലറില്‍ (ജെ.ഡി.എസ്) ലയിക്കണോ അതോ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച തീരുമാനമായിരിക്കും ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളുക.
രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായതോടെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ചേരാനുള്ള ഒരുക്കത്തിലാണ് എല്‍.ജെ.ഡി.
ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എല്‍.ജെ.ഡി നേതൃത്വം ലയന സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ലയനശേഷം സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന ആവശ്യം ദേവഗൗഡ തള്ളുകയായിരുന്നു.
എന്നാല്‍ എല്‍.ജെ.ഡിയിലെ യുവജന നേതാക്കളടങ്ങുന്ന ഒരു വിഭാഗം ജെ.ഡി.എസുമായുള്ള ലയനത്തെ എതിക്കുന്നുണ്ട്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ബി.ജെ.പിയോട് കാണിച്ച മൃദുസമീപനമാണ് കാരണം. എസ്.പിയോടൊപ്പം ചേരണമെന്നാണ് ഇവരുടെ ആവശ്യം.
ഞായറാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ലയനം സംബന്ധിച്ച് എല്‍.ജെ.ഡി തീരുമാനമെടുക്കുമെങ്കിലും ജെ.ഡി.എസ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് പിന്നീടായിരിക്കും.
ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് വരെ എറണാകുളത്ത് വെച്ച് നടക്കുന്ന ജെ.ഡി.എസ് സംഘടനാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇവര്‍ ലയന വിഷയം പരിഗണിക്കുക.
Content Highlight: LJD state committee meeting to be held in Kozhikode, decision of merging with SP or JDS to be taken