നാലുപേരെയും സംസ്ഥാന ഭാരവാഹികളുടെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും. സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയാണ് നടപടി.
ഷെയ്ഖ് പി.ഹാരിസ്, സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിട്ടുമുണ്ട്.
അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍. ജെ.ഡി ഭാരവാഹി യോഗത്തില്‍ ധാരണയായിട്ടുണ്ട്. എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കെ.പി. മോഹനനും ശ്രേയാംസ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതാണ് വിമത പക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.
എന്നാല്‍, സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നടപടികളോട് യോജിക്കുന്നില്ലെന്ന് ഷെയ്ഖ്.പി.ഹാരിസ് പറഞ്ഞു. നടപടി എടുക്കാനുള്ള അധികാരം ശ്രേയാംസ് കുമാറിനില്ലെന്നും ഭാവി പരിപാടികള്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും ഷെയ്ഖ് പി.ഹാരിസ് പറഞ്ഞു.
ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവരാണ് സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.