വയനാട്: നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാന എല്‍.ജെ.ഡിയില്‍ കലാപം രൂക്ഷമാകുന്നു. എം.വി. ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എല്‍.ജെ.ഡി. നേതാക്കള്‍ ദല്‍ഹിയിലെത്തി.
നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍.ജെ.ഡി. സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്യത്തിലുള്ള സംഘം ഇന്ന് ശരദ് യാദവിനെ കാണും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് അഭിപ്രായപ്പെട്ടു. തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ പോലും എം.വി. ശ്രേയാംസ് കുമാര്‍ തയാറായില്ല.
പാര്‍ട്ടിക്ക് അര്‍ഹതയുള്ള മന്ത്രി സ്ഥാനം ലഭിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് മൂന്നെണ്ണം മാത്രം. അതില്‍ തന്നെ രണ്ടെണ്ണത്തില്‍ പരാജപ്പെട്ടു. ഇതിന് പിന്നാലെ മന്ത്രിസഭയില്‍ നിന്നും തഴയപ്പെട്ടു. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാറിന്റെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആരോപിക്കുന്നത്.
ടേം വ്യവസ്ഥയിലാണെങ്കില്‍ പോലും എല്‍.ഡി.എഫിലെ മറ്റ് സഖ്യകക്ഷികള്‍ എല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചു. എന്നാല്‍ കൂത്തുപറമ്പില്‍ നിന്നും വിജയിച്ച എല്‍.ജെ.ഡിയുടെ ഏക അംഗം കെ.പി. മോഹനന് മാത്രം മന്ത്രി പദവി ലഭിച്ചില്ല.
ജെ.ഡി.എസ്. ലയനം എന്ന നിര്‍ദേശം ഉയര്‍ത്തി സി.പി.ഐ.എം. ഇത്തരമൊരു നീക്കം നടത്തുമ്പോള്‍ നേതൃത്വത്തിന് ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം.
അടുത്ത ടേമിലും രാജ്യസഭാ സീറ്റ് ഉറപ്പിക്കുന്നതിന് വേണ്ടി മന്ത്രിയുടെ കാര്യത്തില്‍ എം.വി. ശ്രേയാംസ് കുമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണവും ചില നേതാക്കള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാന്‍ തുടങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടേയും കല്‍പ്പറ്റ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയിലേയും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എം.വി. ശ്രേയാംസ് കുമാര്‍ പദവി ഒഴിയണമെന്നാണ് എല്‍.ജെ.ഡിയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ നേതൃത്വം ഒഴിയാന്‍ എം.വി. ശ്രേയാംസ് കുമാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പതിനാല് ജില്ലാകമ്മറ്റികളില്‍ പത്തും ശ്രേയാംസ് കുമാര്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാടിലാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: LJD MV ShreyamsKuamr Sharad Yadav