| Sunday, 24th January 2021, 8:02 am

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഏഴ് സീറ്റുകള്‍ നല്‍കണമെന്ന് എല്‍.ജെ.ഡി; ആവശ്യം തള്ളി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് വേണമെന്നുള്ള എല്‍.ജെ.ഡിയുടെ ആവശ്യം തള്ളി സി.പി.ഐ.എം. ഏഴ് സീറ്റുകള്‍ നല്‍കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ലെന്ന് വ്യക്തമാക്കിയ സി.പി.ഐ.എം, മുന്നണി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും തീരുമാനിച്ചു. സീറ്റുചര്‍ച്ചകള്‍ക്കായി എല്‍.ജെ.ഡിയും മൂന്നംഗ സമിതിയെ നിയോഗിച്ച് ചര്‍ച്ച നടത്തും.

മുന്നണി മാറിയ സാഹചര്യത്തിലാണ് എല്‍.ജെ.ഡി ഇടതുമുന്നണിയ്ക്ക് മുന്നില്‍ ഏഴു സീറ്റുകള്‍ എന്ന ആവശ്യം ഉന്നയിക്കുന്നത്. 2016ല്‍ യു.ഡി.എഫിലായിരുന്നു എല്‍.ജെ.ഡി മത്സരിച്ചത്. അന്ന് യു.ഡി.എഫ് ഏഴ് സീറ്റുകള്‍ നല്‍കിയിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തവണ എല്‍.ജെ.ഡി ഏഴ് സീറ്റുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇടതുമുന്നണിയില്‍ ജനതാപാര്‍ട്ടികള്‍ ഒന്നായി നിന്ന സമയത്തുപോലും എട്ട് സീറ്റുകളേ നല്‍കിയിട്ടുള്ളൂവെന്ന് സി.പി.ഐ.എം ഓര്‍മിപ്പിച്ചു.

കൂടാതെ നിലവില്‍ എല്‍.ജെ.ഡിയും ജെ.ഡി.യുവും രണ്ട് പാര്‍ട്ടികളായി തുടരുന്നതിനാല്‍ എല്‍.ജെ.ഡിയ്ക്ക് മാത്രം സീറ്റുകള്‍ നല്‍കാനാവില്ലെന്നും സി.പി.ഐ.എം പറയുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ദേശീയ സമിതി അംഗം കെ.പി മോഹനന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് സി.പി.ഐ.എം നിയോഗിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: LJD demands 7 seats CPIM rejects

We use cookies to give you the best possible experience. Learn more