|

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് അധികാരമേല്‍ക്കും; കാബിനറ്റിലെ പ്രധാന പോസ്റ്റുകളില്‍ വെളുത്ത വംശജരില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത് വനിതയാണ് ലിസ് ട്രസ്.

അതേസമയം ലിസ് ട്രസിന്റെ മന്ത്രിസഭയിലെ പ്രധാന ചുമതലകളില്‍ വെളുത്ത വംശജര്‍ ഉണ്ടായിരിക്കില്ല എന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാന വകുപ്പുകളിലെ മന്ത്രിസ്ഥാനങ്ങളിലേക്ക് ആരെയൊക്കെയായിരിക്കും നിയോഗിക്കുക, എന്ന് ചൊവ്വാഴ്ച വൈകീട്ടോട് കൂടി പ്രഖ്യാപിച്ച് തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി കാബിനറ്റിലെ പ്രധാനപ്പെട്ട പദവികളില്‍ വെളുത്ത വംശജര്‍ ഉണ്ടായിരിക്കില്ല.

വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവേര്‍ലി (James Cleverly), ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി സുല്ല ബ്രാവര്‍മാന്‍ (Suella Braverman), ചാന്‍സലറായി ക്വാസി ക്വാര്‍ട്ടേങ് (Kwasi Kwarteng) എന്നിവര്‍ അധികാരമേല്‍ക്കുമെന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ സുല്ല ബ്രാവര്‍മാന്‍ ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് പൊളിറ്റീഷ്യനാണ്. ക്വാസി ക്വാര്‍ട്ടേങ് ഘാനയില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍ നിന്നുള്ളയാളാണ്, ജെയിംസ് ക്ലെവേര്‍ലിയുടെ അമ്മ ആഫ്രിക്കന്‍ സ്വദേശിയുമാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ അവസാനഘട്ടം വരെയെത്തി പരാജയപ്പെട്ട ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് ലിസ് ട്രസ് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ ലിസിന് 81326 വോട്ടും റിഷി സുനകിന് 60399 വോട്ടുമായിരുന്നു ലഭിച്ചത്.

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസിന് തന്നെയായിരുന്നു ബ്രിട്ടന്റെ മുന്‍ സാമ്പത്തിക കാര്യ മന്ത്രിയായ റിഷി സുനകിനേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പിച്ചിരുന്നത്.

തെരേസ മേക്കും മാര്‍ഗരറ്റ് താച്ചര്‍ക്കും ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് ലിസ് ട്രസ്. തന്റെ 25ാം വയസിലാണ് ലിസ് ട്രസ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

പിന്നീട് 2009ലാണ് സൗത്ത് വെസ്റ്റ് നോര്‍ഫോക്കില്‍ നിന്ന് ലിസ് ട്രസ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 2012ല്‍ വിദ്യാഭ്യാസ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി, 2014ല്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി, 2016ല്‍ ജസ്റ്റിസ് സെക്രട്ടറി, 2017ല്‍ ചീഫ് സെക്രട്ടറി ടു ദ ട്രഷറി, 2019ല്‍ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള കാബിനറ്റ് മന്ത്രിമാരില്‍ നിന്നടക്കമുള്ള പിന്തുണ റിഷി സുനകിന് നഷ്ടപ്പെടുകയായിരുന്നു.

ബ്രിട്ടന്‍ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് കടന്നുപോകുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലടക്കം നിരവധി മേഖലകളില്‍ വ്യാപകമായി തൊഴിലാളി സമരങ്ങളും നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭദ്രതയോടെ ബ്രിട്ടനെ മുന്നോട്ട് നയിക്കുക എന്നത് പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന് ഒരു വെല്ലുവിളി തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Liz Truss to take oath as Britain’s PM on Tuesday, no white man in key cabinet post