ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലിസ് ട്രസിന് ഇനി മുതല്‍ വര്‍ഷം തോറും ഒരു കോടി രൂപ (1,15,000 പൗണ്ട്) ലഭിക്കും.
വെറും 45 ദിവസം മാത്രമേ അധികാരത്തിലിരുന്നുവെങ്കിലും രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി എന്ന നിലയ്ക്കായിരിക്കും ട്രസിന് ആജീവനാന്തം ഈ തുക ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നുവെന്നും ഇക്കാര്യം ചാള്‍സ് രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും ലിസ് ട്രസ് വെളിപ്പെടുത്തിയത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയെന്ന ‘റെക്കോഡും’ ഇതോടെ ലിസ് ട്രസ് തന്റെ പേരിലാക്കി.
ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു രാജി തീരുമാനം അറിയിച്ചുകൊണ്ട് ലിസ് ട്രസ് പ്രതികരിച്ചത്.
ലിസ് ട്രസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൊണ്ടുവന്ന നികുതി വെട്ടിക്കുറച്ചതടക്കമുള്ള പുതിയ സാമ്പത്തിക നയങ്ങള്‍ പാളിപ്പോയതിനെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നു.
ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ട്രസിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് ട്രസ് എന്നും ഇവര്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നുമുള്ള തരത്തില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു.
അതിനിടെ ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടേങും രാജി വെച്ചിരുന്നു. ലിസ് ട്രസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ക്വാര്‍ട്ടേങ് തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളും മാര്‍ക്കറ്റിലെയും രാഷ്ട്രീയരംഗത്തെയും പ്രതിസന്ധികളും മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു നീക്കം.
പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജയായ ആഭ്യന്തര വകുപ്പ് സെക്രട്ടറി സുവെല്ല ബ്രാവര്‍മാനും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞു.
രാജി വെച്ചുകൊണ്ട് ലിസ് ട്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ബ്രാവര്‍മാന്‍ ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നുമായിരുന്നു ലിസ് ട്രസിന് എഴുതിയ രാജിക്കത്തില്‍ ബ്രാവര്‍മാന്‍ പറഞ്ഞത്.
ഇതോടെയാണ് ലിസ് ട്രസിന് മേല്‍ രാജി വെക്കാനുള്ള സമ്മര്‍ദ്ദം വര്‍ധിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. അതേസമയം പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ റിഷി സുനക്കിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്.
Content Highlight: Liz Truss entitled to one crore rupees a year for entire life though served only 45 days as British PM