കൊച്ചി: ലിവിങ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവായി കാണാനാകൂ എന്നും കോടതി വ്യക്തമാക്കി.
ലിവിങ് ടുഗതർ പങ്കാളികളിൽ ഒരാളായ യുവാവിനെതിരെയുള്ള പരാതി പരിശോധിക്കവെയാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം സ്വാദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസ് റദ്ദാക്കികൊണ്ടുള്ള ഉത്തരവിലാണ് പരാമർശം.
എറണാകുളം സ്വദേശിയായ യുവാവ് പരാതി നൽകിയ യുവതിയുമായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാൽ പിന്നീട് ബന്ധം തകർന്നപ്പോൾ യുവതി പങ്കാളിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
2023 മാർച്ച് മുതൽ ഓഗസ്റ്റ് വരെ ലിവ് ഇൻ ബന്ധത്തിൽ ജീവിച്ച സമയത്ത് ശാരീരിക, മാനസിക പീഡനങ്ങളേറ്റെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. തുടർന്ന് ഈ കേസിനെതിരെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.
ഐ.പി.സി 498 (എ) അനുസരിച്ചായിരുന്നു യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിവാഹ ബന്ധത്തിൽ ഭാര്യയ്ക്ക് ഭർത്താവിൽ നിന്നോ ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നോ പീഡനങ്ങളേൽക്കുന്നത് തടയുന്നതിനുള്ള വകുപ്പാണിത്.
സമാന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള മുൻ വിധിന്യായങ്ങൾ പിന്തുടർന്നാണ് ഹൈക്കോടതിയും ഇത്തരം കേസുകളിൽ വിധി പറഞ്ഞിട്ടുള്ളതെന്ന് ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് വ്യക്തമാക്കി.
പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക മാനസിക പീഡനം ഉണ്ടായാൽ അത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ല. ഐ.പി.സി 498 (എ) പ്രകാരം കേസ് എടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Living together partner not husband; The High Court