[]മലയാള സിനിമക്ക് ജയനെ മറക്കാനാവില്ല. ജയന്റെ ഓര്‍മ്മകളേയും. ജയന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഇന്ന 33 വയസ് തികയുന്നു.
യുവത്വത്തിന്റെ ലഹരി ആവോളം പകര്‍ന്ന് നല്‍കിയ, ഒരു പതിറ്റാണ്ട് മാത്രം നീണ്ട നടന വസന്തമാണ് മലയാള സിനിമക്ക് ജയന്‍. ജയന്റെ വരവ് വരേയും മലയാള സിനിമയുടെ നായക സങ്കല്‍പങ്ങള്‍ക്ക് മടുപ്പിക്കുന്ന ഒരേ മുഖം മാത്രമാണുണ്ടായിരുന്നത്.
ജയന്‍ മാറ്റത്തിന്റെ പുതിയൊരു മുഖം കൂടി മലയാളത്തിന് സമ്മാനിച്ചു. വില്ലന്‍ റോളുകളിലൂടെയും സ്റ്റണ്ട് രംഗങ്ങളിലൂടെയുമാണ് ജയന്‍ ആദ്യം സിനിമയിലെത്തുന്നത്. പിന്നീട് പകരക്കാരനില്ലാത്ത നായക സ്ഥാനത്തേക്കുള്ള ആരോഹണത്തിന് അധികം സമയമെടുത്തില്ല.
മേ ബീ വീ ആര്‍ കൂലീസ്…… എന്ന് തുടങ്ങുന്ന ഡയലോഗ് മനസ്സില്‍ പതിയാത്തവരായി അങ്ങാടി എന്ന ജയന്‍ സിനിമ കണ്ട ഒരാള്‍ പോലുമുണ്ടാവില്ല. മലയാളിയുടെ പൗരുഷത്തിന്റെ പ്രതീകമായി പിന്നീട് ജയന്‍ മാറി.
1970 ല്‍ തുടങ്ങിയ സിനിമാ ജീവിതം 1980ല്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ മരിക്കുവോളം നിര്‍ബാധം നീണ്ടു. പോസ്റ്റ്മാനെ കാണാനില്ല എന്ന ആദ്യസിനിമ ജയനെ വേണ്ട രീതിയില്‍ രേഖപ്പെടുത്തിയില്ല.
ശാപമോക്ഷം എന്ന ചിത്രമാണ് ജയനെ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്. പിന്നീട് ഓര്‍മ്മകള്‍ മരിക്കുമോ, ആവേശം, തച്ചോളി അമ്പു, ശരപഞ്ചരം, മീന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍ തുടങ്ങി 120ഓളം സിനിമകള്‍. സൂപ്പര്‍ ഹീറോ പരിവേഷവുമായി 10 വര്‍ഷം.
നടനാവുന്നതിന് മുമ്പ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു ജയന്‍. കൊല്ലത്താണ് ജയന്റെ ജനനം. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും നേവിയില്‍ ചേര്‍ന്നു. 16 വര്‍ഷത്തെ നേവി ജീവിതത്തിന് ശേഷം സിനിമയിലേക്ക്. അവിവാഹിതനായ ജയന്‍ 41ാം വയസ്സിലാണ് ജീവിതത്തോട് വിട പറഞ്ഞത്.
അന്നുണ്ടായിരുന്ന നായകന്മാരില്‍ നിന്ന് വ്യത്യസ്തമായി ഡ്യൂപ്പില്ലാതെ എത്ര അപകടം പിടിച്ച സീനും അഭിനയിക്കാന്‍ ജയന്‍ തയ്യാറായിരുന്നു. ഈ സാഹസികത തന്നെയാണ് സിനിമയില്‍ കത്തി നില്‍ക്കുന്നകാലത്ത് തന്നെ ആ മഹാനടനെ മരണം വരെയെത്തിച്ചതും.
പക്ഷേ മരണത്തിനും ജയന്റെ നായക പരിവേഷം തകര്‍ക്കാനായില്ല. സ്മാരകങ്ങള്‍ക്കും സ്മരണികക്കുമപ്പുറം തന്റെ ബലിഷ്ഠമായ കൈകളുയര്‍ത്തി “കസ്തൂരി മാന്‍മിഴി മലര്‍ശരമെയ്ത്…….” എന്ന് പാടി സിനിമാസ്വാദകരുടെ ഉള്ളില്‍ ജയന്‍ ഇന്നും ജീവിക്കുന്നതും അത്‌കൊണ്ടാണ്.