| Tuesday, 12th November 2024, 10:58 am

വിണ്ടുകീറിയ ചുമരുകളിൽ നിന്നും പൊള്ളുന്ന ചൂടിൽ നിന്നും രക്ഷ വേണം; ജാരിയയിൽ ജീവിക്കുന്നത് 70,000ത്തിലധികം മനുഷ്യ ജീവനുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധൻബാദ്: ജാർഖണ്ഡിലെ ജാരിയ കൽക്കരിപ്പാടങ്ങളിലെ കൽക്കരി ബെൽറ്റിൻ്റെ ഉള്ളിലായി 108 വർഷമായി തീ ആളിക്കത്തുകയാണ്. ഇത് അവിടുത്തെ ജനജീവിതം ദുസഹമാക്കുകയും ആ ഭൂപ്രദേശത്തെ താപനില 60 ഡിഗ്രി സെൽഷ്യസ് ആക്കി ഉയർത്തുകയും ചെയ്തു.

ഇന്ത്യയുടെ കൽക്കരി തലസ്ഥാനമായ ധൻബാദിൻ്റെ ഹൃദയഭാഗത്താണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖനികളിലൊന്ന് സ്ഥിതിചെയ്യുന്നത്. സ്റ്റീൽ നിർമാണത്തിന് ഉപയോഗിക്കുന്ന ഉയർന്ന ഗ്രേഡ് കൽക്കരി, പ്രൈം കോക്കിങ് കൽക്കരിയുടെ ഇന്ത്യയുടെ ഏക ശേഖരം ഉൾക്കൊള്ളുന്നത് ജാരിയ കൽക്കരിപ്പാടങ്ങളിലാണ്. 1894 മുതൽ ഇവിടെ തുടർച്ചയായി ഖനനം ചെയ്യപ്പെടുന്നുണ്ട്.

1916ലാണ് ആദ്യത്തെ ഭൂഗർഭ തീപിടിത്തം രേഖപ്പെടുത്തിയത്. 1970കളോടെ ഏകദേശം 17.32 ചതുരശ്ര കിലോമീറ്റർ (6.68 ചതുരശ്ര മൈൽ) അഗ്നിബാധയുണ്ടായി.

source: news mongabay

അത് ഇപ്പോൾ 2.18 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്ന് മൈൻ എക്സിക്യൂട്ടീവുകൾ പറയുന്നു. 100,000ലധികം കുടുംബങ്ങൾ ഈ തീപിടുത്തത്തിന് ഇരയായിട്ടുണ്ട്. അവരെ മാറ്റിപാർപ്പിക്കാനോ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യാനോ സർക്കാർ ഇതുവരെയും തയാറായിട്ടില്ല.

വായു, ജല മലിനീകരണം മൂലം കൽക്കരിപ്പാടങ്ങളിൽ താമസിക്കുന്നവരുടെ ശരാശരി ആയുർദൈർഘ്യം 10 ​​വർഷം കുറയുമെന്ന് ഡോക്ടർമാർ പറയുന്നു.

‘എൻ്റെ വീട്ടിലെ താപനില വർഷം മുഴുവനും 50-60 ഡിഗ്രി സെൽഷ്യസാണ്. തറകളിലും ഭിത്തികളിലും വിള്ളലുകൾ ഉണ്ട്, തുറന്ന ഖനികളിൽ നിന്ന് പുറപ്പെടുന്ന കൽക്കരി പൊടിയും വിഷവാതകങ്ങളും കാരണം നമ്മളെല്ലാവരും ശ്വസന പ്രശ്നങ്ങൾ അനുഭവിക്കുന്നു, ‘ ജാരിയയിലെ താമസക്കാരനായ ജീവൻ റൗട്ട് പറഞ്ഞു.

ജാരിയയിലെ ഒരു ലക്ഷത്തോളം വരുന്ന താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ ആദ്യമായി കമ്മീഷൻ ചെയ്തത് 1996ലാണ്. 28 വർഷങ്ങൾക്ക് ശേഷം ഇന്നും അത് പൂർത്തിയായിട്ടില്ല.

source: the quint

കോൾ ഇന്ത്യ ലിമിറ്റഡ് (സി.ഐ.എൽ) ആണ് ജനങ്ങളെ കുടിയിറക്കുന്നത് എന്നതിനാൽ സംസ്ഥാന സർക്കാരിന് ഒന്നും വാഗ്‌ദാനം ചെയ്യാൻ കഴിയില്ല എന്നാണ് ജാരിയയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പൂർണിമ സിങ് പറഞ്ഞത്. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യ ലിമിറ്റഡിൻ്റെ (സി.ഐ.എൽ) ഉപസ്ഥാപനമായ ബി.സി.സി.എല്ലിന് ജാരിയയിലെ ഖനന മേഖലകളുടെ പാട്ടാവകാശമുണ്ട്.

1996ൽ കൽക്കരി മന്ത്രാലയം ഭൂഗർഭ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനും ജാരിയയിലെ താമസക്കാരെ ഒഴിപ്പിക്കാനുമുള്ള ഒരു മാസ്റ്റർ പ്ലാൻ 1999ൽ ബി.സി.സി.എൽ തയ്യാറാക്കി സി.ഐ.എല്ലിന്റെ അംഗീകാരത്തിനായി അയച്ചു. 2008-ൽ, മാസ്റ്റർ പ്ലാൻ വീണ്ടും പരിഷ്കരിച്ചു.

ആളുകളെ ടൗൺഷിപ്പുകളിലേക്ക് മാറ്റണമെന്നും അവിടെ അവർക്ക് സ്കൂളുകൾ, ബാങ്കുകൾ, ആശുപത്രികൾ തുടങ്ങിയ ആവശ്യമായ നാഗരിക സൗകര്യങ്ങൾ നൽകാമെന്നും ബോഡി ചൂണ്ടിക്കാട്ടി. എന്നാൽ അതൊന്നും നടന്നില്ല. മാസ്റ്റർ പ്ലാൻ 2021ൽ കാലഹരണപ്പെട്ടു, പുതുക്കിയ പ്ലാൻ ഇപ്പോൾ കാബിനറ്റ് അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

എന്നാൽ പുതിയ ടൗൺഷിപ്പിലേക്ക് മാറാൻ ജനങ്ങൾക്ക് താത്പര്യമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ‘വീട് കാട്ടിലാണ്. അടുത്തെങ്ങും സ്കൂളോ ആശുപത്രിയോ ഇല്ല. വൈദ്യുതിയോ വെള്ളമോ ഇല്ല. സ്ഥലം കാണാൻ ഞാൻ അവിടെ ചെന്നപ്പോൾ പല വീടുകളിലും വാതിലുകളും ജനലുകളും ഇല്ലായിരുന്നു,’ പ്രദേശവാസിയായ ശർമ പറഞ്ഞു.

Content Highlight: Living above a century-old coal fire, Jharia residents pay the price for India’s mining ambitions

Latest Stories

We use cookies to give you the best possible experience. Learn more