| Monday, 9th March 2020, 9:28 am

ഇത് ഞങ്ങളുടെ ജീവിതത്തേയും സ്വാതന്ത്ര്യത്തെയും അപകടത്തിലാക്കുന്നു: എസ്.ആര്‍ ദരപുരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളും സര്‍ക്കാര്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരപുരി.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടി പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നു കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

ദരാപുരി, സദാഫ് ജാഫര്‍, മുഹമ്മദ് ഷോയിബ്, ദീപക് കബീര്‍ എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്.

” ഞങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ എടുത്തു. എവിടെ നിന്നാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഇത് നിയമവിരുദ്ധമാണ്. അവരത് പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണ്. ഇത് ഞങ്ങളുടെ ജീവിതത്തേയും സ്വാതന്ത്ര്യത്തെയും അപകടത്തിലാക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്,” അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് ദരാപുരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ്
ലക്നൗവിലെ പ്രമുഖ കവലകളില്‍ ഇവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയ കേേെസാടുക്കുകയും ഞായറാഴ്ച വാദം കേള്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരം പ്രവൃത്തിയിലൂടെ നിയമവിരുദ്ധമായ ഒരു നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ പറഞ്ഞതായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ റായ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more