| Friday, 1st December 2023, 10:33 am

ആന്‍ഫീല്‍ഡില്‍ കത്തികയറി ലിവര്‍പൂള്‍; തകര്‍പ്പന്‍ നേട്ടവുമായി ഇംഗ്ലീഷ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ലാസ്‌കിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് താരം അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒരു അസിസ്റ്റ് ആണ് താരം നേടിയത്. ഇതിനു പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ പുതിയ ഒരു നേട്ടവും താരം സ്വന്തമാക്കി. അലക്സാണ്ടര്‍ അര്‍നോള്‍ഡ് 100 ഗോള്‍ കോണ്‍ട്രിബ്യുഷന്‍ എന്ന പുത്തന്‍ നാഴികകല്ലിലേക്കാണ് ഇംഗ്ലീഷ് താരം മുന്നേറിയത്.

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 12 മിനിട്ടില്‍ ലൂയിസ് ഡയസിലൂടെയാണ് ലിവര്‍പൂള്‍ ഗോളടി മേളം തുടങ്ങിയത്. കോഡി ഗാക്‌പൊ 15 മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ആതിഥേയര്‍ 2-0ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലെ 51 മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടി. ലിവര്‍പൂളിനായി സലാ നേടുന്ന 199 മത് ഗോളാണിത്. ഈ സീസണില്‍ ഈജിപ്ഷ്യന്‍ താരം മിന്നും ഫോമിലാണ് 19 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 18 അസിസ്റ്റുകളുമാണ് സലായുടെ സമ്പാദ്യം.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇഞ്ചുറി ടൈമില്‍ ഗാക്‌പൊ നാലാം ഗോളും മത്സരത്തില്‍ തന്റെ രണ്ടാം ഗോളും നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ലിവര്‍പൂള്‍ 4-0ത്തിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാനും ക്‌ളോപ്പിനും കൂട്ടര്‍ക്കും സാധിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയമായി 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ മൂന്നിന് ഫുള്‍ഹാമിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ആണ് മത്സരം.

Content Highlight: Liverpool won in Europa league.

Latest Stories

We use cookies to give you the best possible experience. Learn more