സമീപകാലത്ത് അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമാണ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ യുണൈറ്റഡിനെ കീഴപ്പെടുത്തുകയായിരുന്നു.
കോഡി ഗാക്‌പോ, ഡാര്‍വിന്‍ നൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, റോബര്‍ട്ടോ ഫിര്‍മിനോയാണ് ശേഷിക്കുന്ന ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്.
മത്സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ലിവര്‍പൂള്‍ റൊണാള്‍ഡോക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയായിരുന്നെന്നും നാണംകെട്ട പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
ഇ.എഫ്.എല്‍ കപ്പില്‍ യുണൈറ്റഡ് ചാമ്പ്യന്മാരായതിന് പിന്നാലെ ‘എറിക് ടെന്‍ ഹാഗ് യുഗം ഇവിടെത്തുടങ്ങുന്നു’ എന്ന് ക്ലബ്ബിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ലിവര്‍പൂളിനെതിരായ തോല്‍വിക്ക് ശേഷം ‘എറിക് ടെന്‍ ഹാഗ് യുഗം ഇവിടെ അവസാനിക്കുന്നു’ എന്നാണ് ആരാധകര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
മത്സരത്തിലുടനീളം ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 43ാം മിനിട്ടിലാണ് റോബര്‍ട്ട്സണിന്റെ അസിസ്റ്റില്‍ നിന്നും ഗാക്പോയിലൂടെ യുണൈറ്റഡ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 47ാം മിനിട്ടില്‍ ഹെഡറിലൂടെ നുനസ് ലീഡ് ഉയര്‍ത്തി.
66ാം മിനിട്ടില്‍ മുഹമ്മദ് സലായും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. 76ാം മിനിട്ടില്‍ നുനസ് വീണ്ടും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ ഗോള്‍ കണ്ടെത്തി. ഇതോടെ ലിവര്‍പൂള്‍ 5-0 ന് മുന്നില്‍.
83ാം മിനിട്ടില്‍ ഫിര്‍മിനോയുടെ അസിസ്റ്റില്‍ നിന്ന് സലാ ഗോള്‍ നേടിയപ്പോള്‍ നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ സലായുടെ അസിസ്റ്റില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ യുണൈറ്റഡിന്റെ മേല്‍ അവസാന പ്രഹരവും ഏല്‍പ്പിച്ചു.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ മാനേജര്‍ കരിയറിലെ ഏറ്റവും വലിയ തോല്‍വി കൂടിയാണ് ഞായറാഴ്ചയിലേത്. പരിശീലകനായുള്ള 481ാമത്തെ മത്സരത്തിലായിരുന്നു ലിവര്‍പൂളിനെതിരെ ടെന്‍ ഹാഗിന്റെ ഈ നാണം കെട്ട തോല്‍വി.
അതേസമയം, വിജയത്തോടെ 25 കളികളില്‍ 42 പോയിന്റുമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
Content Highlights: LIVERPOOL wins Manchester United in Premier league