| Monday, 18th December 2023, 9:18 am

ആശ്വാസം, ആന്‍ഫീല്‍ഡില്‍ രക്ഷപ്പെട്ട് ചെകുത്താന്‍മാര്‍; ഒന്നാമതെത്താന്‍ സാധിക്കാതെ ലിവര്‍പൂള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗിലെ ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ തോല്‍ക്കാതെ രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞാണ് എറിക് ടെന്‍ ഹാഗിന്റെ ചെകുത്താന്‍മാര്‍ തോല്‍വി ഒഴിവാക്കിയത്.

4-3-3 എന്ന ഫോര്‍മേഷനില്‍ യര്‍ഗന്‍ ക്ലോപ്പ് തന്റെ കുട്ടികളെ മൈതാനത്ത് വിന്യസിച്ചപ്പോള്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ടെന്‍ ഹാഗ് യുണൈറ്റഡിനെ കളത്തിലിറക്കിയത്.

മത്സരത്തില്‍ യുണൈറ്റഡ് ചിത്രത്തില്‍ പോലും ഇല്ലായിരുന്നു. കളിയുടെ സിംഹഭാഗവും പന്ത് കയ്യടക്കിവെച്ച ലിവര്‍പൂള്‍ ഷോട്ടിലും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റിലും പാസിലും അടക്കം മുന്നിട്ടുനിന്നു.

ലിവര്‍പൂള്‍ 34 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ വെറും ആറ് ഷോട്ടുകള്‍ മാത്രമാണ് മാഞ്ചസ്റ്ററിന് അടിക്കാന്‍ സാധിച്ചത്. ലിവര്‍പൂള്‍ എട്ട് ഷോട്ടുകള്‍ മാഞ്ചസ്റ്റര്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് തൊടുത്തപ്പോള്‍ ഓണ്‍ ടാര്‍ഗെറ്റില്‍ വെറും ഒന്ന് മാത്രമാണ് മാഞ്ചസ്റ്ററിന് നേടാന്‍ സാധിച്ചത്.

മത്സരത്തിന്റെ 69 ശതമാനവും ബോള്‍ കയ്യില്‍ വെച്ച ലിവര്‍പൂള്‍ 607 പാസുകളും കംപ്ലീറ്റ് ചെയ്തിരുന്നു. 293 പാസ് മാത്രമാണ് 31 ശതമാനം ബോള്‍ പൊസഷനില്‍ യുണൈറ്റഡിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

നാല് യുണൈറ്റഡ് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ രണ്ട് ലിവര്‍പൂള്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു.

ഈ സമനിലക്ക് പിന്നാലെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരത്തില്‍ നിന്നും 11 ജയവും ഒരു തോല്‍വിയും അഞ്ച് സമനിലയും അടക്കം 38 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

യുണൈറ്റഡിനോട് വിജയിച്ചാല്‍ ആഴ്‌സണലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ലിവര്‍പൂളിന് സാധിക്കുമായിരുന്നു. കേവലം ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് റെഡ്‌സും ഗണ്ണേഴ്‌സും തമ്മിലുള്ളത്.

17 മത്സരത്തില്‍ ഒമ്പത് വിജയം മാത്രം കൈമുതലായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 28 പോയിന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഒമ്പത് ജയവും രണ്ട് സമനിലയും ആറ് തോല്‍വിയുമാണ് ചുവന്ന ചെകുത്താന്‍മാര്‍ക്കുള്ളത്.

ഡിസംബര്‍ 23നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളികള്‍. ഹാമ്മേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലണ്ടന്‍ സ്‌റ്റേഡിയമാണ് വേദി.

അതേസമയം, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള മറ്റൊരു അവസരമാണ് ക്ലോപ്പിന്റെ കുട്ടികള്‍ക്കുള്ളത്. സ്വന്തം തട്ടകത്തില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലാണ് എതിരാളികള്‍. ഈ മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റെഡ്‌സിന് ഒന്നാമതെത്താം.

Content highlight: Liverpool vs Manchester United match ended in tie

Latest Stories

We use cookies to give you the best possible experience. Learn more