കഴിഞ്ഞ ദിവസം യുവേഫ ചാന്വ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയിരുന്നു.
രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന് ശേഷം കോച്ച് യര്‍ഗന്‍ ക്ലോപ്പിനും ലിവര്‍പൂളിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ലിവര്‍പൂളിന് നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ഡയറ്റമര്‍ ഹാമന്‍. വെസ്റ്റ്ഹാം താരം ഡെക്ലാന്‍ റൈസിനെ ക്ലബ്ബിലെത്തിക്കാനാണ് ഹാമന്‍ ലിവര്‍പൂളിനോട് ആവശ്യപ്പെട്ടത്.
ഒരു യഥാര്‍ത്ഥ ടീമിനെ രൂപാന്തരപ്പെടുത്താന്‍ കെല്‍പ്പുള്ള താരമാണ് റൈസ് എന്നും അത് ക്ലബ്ബിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ടോക്‌സ്‌പോര്‍ടിനോട് സംസാരിക്കവെയാണ് ഹാമന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം ചെല്‍സിയും റൈസിനെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. 2024ലാണ് വെസ്റ്റ് ഹാമുമായുള്ള കരാര്‍ അവസാനിക്കുക.
താരവുമായുള്ള കരാര്‍ ക്ലബ്ബ് പുതുക്കുമോയെന്നോ ലിവര്‍പൂളിലേക്കോ ചെല്‍സിയിലേക്കോ ചേക്കേറാന്‍ റൈസിന് താത്പര്യമുണ്ടോ എന്നുമുള്ള കാര്യത്തില്‍ വ്യക്തതയില്ല.
എന്നിരുന്നാലും ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ ആന്‍ഫീല്‍ഡില്‍ സ്വപ്നതുല്യമായ തുടക്കമായിരുന്നു സ്വന്തം കാണികള്‍ക്കായി ചെമ്പട കാഴ്ചവെച്ചിരുന്നത്.
രണ്ട് ഗോളിന് മുന്നിലെത്തിയ മത്സരത്തിലാണ് പിന്നീട് അഞ്ച് ഗോള്‍ വഴങ്ങി ലിവര്‍പൂള്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. കളിയുടെ നാലാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനസിന്റേതായിരുന്നു ആദ്യ ഗോള്‍.
പത്താം മിനിട്ടില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെ അവര്‍ക്ക് ലീഡുയര്‍ത്താനായി. ആദ്യ 14 മിനിട്ടില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് റയലിനെ തകര്‍ക്കുമെന്ന് കരുതിയെങ്കിലും സ്പാനിഷ് വമ്പന്മാരുടെ കിടിലന്‍ തിരിച്ചുവരവാണ് കണ്ടത്.
വിനീഷ്യസ് ജൂനിയറിന്റെയും കരിം ബെന്‍സെമയുടെയും ഇരട്ട ഗോളുകളാണ് റയലിനെ വിജയക്കുതിപ്പിലേക്ക് നയിച്ചത്. എഡര്‍ മിലിറ്റാവോയാണ് റയലിനായി ഗോള്‍ നേടിയ മറ്റൊരു താരം.
Content Highlights: Liverpool urged to sign Chelsea target Declan Rice