ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ലിവര്‍പൂള്‍ മല്‍സരം കാണാന്‍ കഴിയാത്തവര്‍ക്കായി ഒരു നിമിഷം സൈലന്‌റ്. ലീഗിന്‌റെ എല്ലാ ആവേശവും വേഗവും ഒത്തിണങ്ങിയ മല്‍സരത്തിനാണ് സ്റ്റംഫോര്‍ഡ് ബ്രിഡ്ജ് വേദിയായത്. ലീഗിലെ തന്ത്രശാലികളായ രണ്ട് ആശാന്‍മാരും മികച്ച മധ്യനിരയും മുന്നേറ്റനിരയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫുട്‌ബോള്‍ വിരുന്നാണ് ആരാധകര്‍ക്കായി ലിവര്‍പൂളും ചെല്‍സിയും ഒരുക്കിയത്.
ടൂര്‍ണമെന്‌റില്‍ മികച്ച ഫോമിലുള്ള ഹസാര്‍ഡിന്‌റെ ഗോളില്‍ ചെല്‍സിയാണ് ആദ്യം മുന്നിലെത്തിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള ഹസാര്‍ഡിന്‌റെ ഒറ്റയാള്‍ മുന്നേറ്റത്തിന് മുന്നില്‍ അലിസണിന് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ലിവര്‍പൂള്‍ നിരവധിതവണ മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ പകരക്കാരനായിറങ്ങിയ സ്റ്ററിഡ്ജ് 89ാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് വലയിലെത്തുമ്പോള്‍ റെഡ്‌സിന് അര്‍ഹിച്ച സമനില.
രണ്ടാം പകുതിയില്‍ സലാഹിനെ പിന്‍വലിച്ച് ഷാക്കിരിയേയും നാബികെയ്റ്റയേയും ഇറക്കിയതോടെ ലിവര്‍പൂളിന്‌റെ മധ്യനിര കൂടുതല്‍ ശക്തമായി.
പന്തടക്കത്തിലും ആക്രമണത്തിലൂം ലിവര്‍പൂളാണ് മുന്നിട്ടു നിന്നത്. പത്ത് തവണ ചെല്‍സി ലക്ഷ്യത്തിലേക്കുന്നം വെച്ചപ്പോള്‍ ലിവര്‍പൂള്‍ 13തവണ ഷോട്ടുതിര്‍ത്തു.
മല്‍സരം സമനിലയായതോടെ പോയന്‌റ് നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തി. ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.