കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന ലിവര്‍പൂള്‍ – ആഴ്‌സണല്‍ മത്സരത്തിനിടെ ലിവര്‍പൂള്‍ താരം കോസ്റ്റാസ് സിമിക്കാസിന് പരിക്ക്. മത്സരത്തിനിടെ ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പ് താരത്തിന് മേല്‍ വീണതോടെയാണ് സിമിക്കാസിന് പരിക്കേറ്റത്.
മത്സരത്തിന്റെ 33ാം മിനിട്ടിലായിരുന്നു സംഭവം. ആഴ്‌സണല്‍ വിങ്ങര്‍ ബുക്കായോ സാക്കയുമായുള്ള ക്ലാഷിനിടെയായിരുന്നു സിമിക്കാസിന് പരിക്കേറ്റത്. ലിവര്‍പൂള്‍ ബെഞ്ചിന് സമീപത്ത് നടന്ന പോരാട്ടത്തിന് പിന്നാലെ സമിക്കാസ് ക്ലോപ്പിന് മേലേക്ക് വീഴുകയായിരുന്നു.
ഇതോടെ ക്ലോപ്പിന് അടി തെറ്റുകയും താരം സിമിക്കാസിന് മേല്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ വേദനകൊണ്ട് പുളഞ്ഞ സിമിക്കാസ് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അല്‍പനേരം ഗ്രൗണ്ടില്‍ കിടന്നുപോയിരുന്നു.
അതേസമയം, മത്സരത്തില്‍ ഇരുടീമുകളും സമനില പാലിച്ചിരുന്നു. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമും സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തില്‍ ഇരുടീമും ഒരുപോലെ വിജയത്തിനായി പൊരുതിക്കളിച്ചിരുന്നു. ആര്‍ക്കും മേല്‍ക്കൈ നേടാന്‍ സാധിക്കാതെ വന്ന ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ ഷോട്ടിലും ബോള്‍ പൊസെഷനിലുമടക്കം ഏതാണ്ട് തുല്യത പാലിച്ചിരുന്നു.
ഈ മത്സരത്തിന് പിന്നാലെ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്. കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നത്.
18 മത്സരത്തില്‍ നിന്നും 12 ജയവും നാല് സമനിലയും രണ്ട് തോല്‍വിയും അടക്കം 40 പോയിന്റാണ് ആഴ്‌സണലിനുള്ളത്.
18 മത്സരത്തില്‍ നിന്നും 11 ജയവും ആറ് സമനിലയും ഒരു തോല്‍വിയുമായി 39 പോയിന്റോടെയാണ് റെഡ്‌സ് രണ്ടാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 26നാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ടര്‍ഫ് മൂറില്‍ നടക്കുന്ന മത്സരത്തില്‍ ബേണ്‍ലിയാണ് എതിരാളികള്‍. നിലവില്‍ 19ാം സ്ഥാനത്തുള്ള ബേണ്‍ലി റെലഗേഷന്‍ ഭീഷണിയിലാണ്.
ഡിസംബര്‍ 29ന് എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെയാണ് ആഴ്‌സണലിന് ഇനി നേരിടാനുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഹാമ്മേഴ്‌സ്.
Content Highlight: Liverpool star Tsimikas picks up injury after wiping out Klopp on the sideline