ഈ സമ്മറില്‍ തങ്ങളുടെ മധ്യനിരയെ ശക്തമാക്കാനുള്ള വഴികള്‍ തേടുകയാണെന്ന് ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പ്. മികച്ച ഒരു മിഡ്ഫീല്‍ഡറെ ടീമിലെത്തിക്കാനാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്.
ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ഭൂരിഭാഗം സമയത്തും മാധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു മിഡ്ഫീല്‍ഡറെ ടീമിലെത്തിക്കാന്‍ ക്ലോപ്പ് കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ തങ്ങളുടെ മധ്യനിര കാക്കാന്‍ ആരും തന്നെ വേണ്ടതില്ല എന്ന് ക്ലോപ്പ് പറഞ്ഞതായി 90 മിനിട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞങ്ങള്‍ അങ്ങനെ ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്. അവന്‍ ശരിയായ താരമാണെങ്കില്‍, ടീമിന് അവനെ വേണമെങ്കില്‍ അവനെ എന്തുതന്നെയായാലും ടീമിലെത്തിക്കും. അവന്‍ ശരിയായ താരമല്ലെങ്കില്‍ ഒരിക്കലും ടീമില്‍ എത്തിക്കാന്‍ ശ്രമിക്കില്ല,’ ക്ലോപ്പിനെ ഉദ്ദരിച്ച് ദി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങളുടെ ആവശ്യം ഇപ്പോള്‍ മാറിയിട്ടുണ്ട്. എനിക്കറിയാം നമ്മള്‍ തമ്മില്‍ ഇക്കാര്യം പല തവണ ചര്‍ച്ച ചെയ്തതാണ്. അപ്പോഴെല്ലാം ഞാന്‍ അങ്ങനെ ഒരാളെ ടീമിന് വേണ്ട എന്നുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ എനിക്ക് തെറ്റുപറ്റി, നിങ്ങളായിരുന്നു ശരി. അതാണ് ഇപ്പോഴത്തെ അവസ്ഥ,’ അദ്ദേഹം പറഞ്ഞു.
ടീമിനെ വിജയിപ്പിക്കാന്‍ പോന്ന ഒരാളാണെന്ന് തോന്നുന്ന ആളെ മാത്രമേ തങ്ങള്‍ ടീമിലെത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയ ആത്മവിശ്വാസത്തിലായിരുന്നു ക്ലോപ്പും ലിവര്‍പൂളും പ്രീമിയര്‍ ലീഗിനെത്തിയത്. എന്നാല്‍ ഒറ്റ കളി പോലും ജയിക്കാന്‍ ക്ലോപ്പിന്റെ കുട്ടികള്‍ക്കായില്ല.
കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ലിവര്‍പൂളിനുള്ളത്, തോറ്റതാവട്ടെ മോശം പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും.
രണ്ട് പോയിന്റ് മാത്രംനേടിക്കൊണ്ട് പോയിന്റ് പട്ടികയില്‍ 16ാം സ്ഥാനത്താണ് ലിവര്‍പൂള്‍.
പോയിന്റ് ടേബിളില്‍ തൊട്ടുമുകളിലുള്ള ബൗണ്‍മൗത്തുമായിട്ടാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു ജയവുമാണ് ലിവര്‍പൂളിന്റെ എതിരാളികള്‍ക്കുള്ളത്.
ശനിയാഴ്ച രാത്രി, ഇന്ത്യന്‍ സമയം 7.30നാണ് മത്സരം.
Content Highlight: Liverpool Manager Jurgen Klopp admits his fault not signing a midfielder