| Thursday, 20th October 2022, 3:23 pm

അവന്‍ സ്വന്തം പേര് പറയിപ്പിക്കും; 'ബിഗ് ബേബി' ക്രിസ്റ്റ്യാനോക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലിവര്‍പൂള്‍ ഇതിഹാസ താരം സ്റ്റീവ് നിക്കോള്‍. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിനിടെ ഫൈനല്‍ വിസിലിന് മുമ്പ് താരം ഗ്രൗണ്ട് വിട്ടുപോയതാണ് നിക്കോളിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. 47ാം മിനിട്ടില്‍ ഫ്രെഡും 69ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസുമാണ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്.

ടോട്ടന്‍ഹാമിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് കളത്തിലിറക്കിയിരുന്നില്ല. അണ്‍യൂസ്ഡ് സബ്‌സ്റ്റിറ്റിയൂട്ട് ആയ റൊണാള്‍ഡോ മത്സരം അവസാനിക്കും മുമ്പുതന്നെ ഗ്രൗണ്ടില്‍ നിന്നും പോവുകയായിരുന്നു.

മത്സരത്തിന്റെ 90ാം മിനിട്ടിലായിരുന്നു താരം കളം വിട്ടത്. ആഡ് ഓണ്‍ ടൈമായി നാല് മിനിട്ട് അനുവദിച്ചെങ്കിലും അതിന് കാത്തിരിക്കാതെ താരം കളം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീവ് നിക്കോള്‍ രംഗത്തെത്തിയത്.

ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിക്കോള്‍ താരത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘അവന്‍ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ 15 വര്‍ഷങ്ങളായി അവനായിരുന്നു ഒന്നാമന്‍, എല്ലാവരും അവന്റെ പുറത്തുതട്ടി അഭിനന്ദിച്ചവരാണ്.

എന്നാല്‍ മറ്റൊരു കാര്യം നിങ്ങള്‍ക്കറിയാമോ? കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍ ശരിയായത് തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കെപ്പോഴും എളുപ്പമാണ്. എന്നാല്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കാതിരിക്കുമ്പോള്‍ നിങ്ങളെങ്ങനെയാവും പ്രതികരിക്കുക എന്നതിലാണ് ആളുകള്‍ നിങ്ങളെ വിലയിരുത്തുക.

അവന്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് നമ്മളെല്ലാവരും കണ്ടതാണ്. ഇനിയെങ്കിലും അവന്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവന്‍ ഇങ്ങനെ ‘ബിഗ് ബേബിയെ പോലെ’ പ്രതികരിക്കുന്നത് നിര്‍ത്തിയേ പറ്റൂ. അല്ലെങ്കില്‍ അവനുണ്ടാക്കിയ പേരും പ്രശസ്തിയും അവന്‍ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണിത്,’ സ്റ്റീവ് നിക്കോള്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗും റൊണാള്‍ഡോക്കെതിരെ രംഗത്തുവന്നിരുന്നു. താരത്തിന്റെ ഈ പ്രവര്‍ത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കോച്ച് എറിക് ടെന്‍ ഹാഗ് നല്‍കുന്നത്.

മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്നു കോച്ച് ടെന്‍ ഹാഗ് റൊണാള്‍ഡോയുടെ പ്രവര്‍ത്തിയില്‍ തന്റെ അതൃപ്തി വ്യക്തമാക്കിയത്.

‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു കോച്ചിന്റെ മറുപടി.

റൊണാള്‍ഡോയുടെ പ്രവര്‍ത്തി ഫുട്ബോള്‍ ലോകമൊന്നാകെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ ക്ലബ്ബിനേക്കാളും വലിയവനാണെന്നുള്ള റൊണാള്‍ഡോയുടെ അഹങ്കാരമാണിതെന്നും താരത്തിന്റെ പ്രവര്‍ത്തി തീര്‍ത്തും അണ്‍ പ്രൊഫഷണലാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

Content Highlight: Liverpool legend Steve Nicol slams Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more