കോഴിക്കോട്: വല്ല്യേട്ടന്‍ ആരോണ്‍ ഹ്യൂസ് ടീം വിടുന്നതിന്റെ ദുഖത്തില്‍ ആണ്ടിരിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. യൂറോപ്പിലെ വമ്പന്മാരായ ലിവര്‍പൂളിന്റെ മുന്‍ മുന്‍നിര താരം ഡിര്‍ക്ക് കുയറ്റ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വരുന്നു.
ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കുയറ്റ് കളിക്കുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ് കീഡയുള്‍പ്പടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 750000 യു.എസ് ഡോളര്‍ അടിസ്ഥാന വിലയില്‍ കുയറ്റിനെ ഐ.എസ്.എല്ലിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
2006 ല്‍ ഡച്ച് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമടക്കം നേടിയിട്ടുള്ള കുയറ്റ് കൂടി എത്തിയാല്‍ ലീഗിലെ അന്താരാഷ്ട്ര താരങ്ങളുടെ നിര കുറേ കൂടി ശക്തമാകും. റോബര്‍ട്ട് പൈറസ്, ട്രെസഗെ, ദെല്‍ പിയറോ, നിക്കോളാസ് അനല്‍ക്കെ, പോസ്റ്റിഗ തുടങ്ങിയ ലോകോത്തര താരങ്ങള്‍ പന്തു തട്ടുന്ന ലീഗ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കൈവരിച്ച വളര്‍ച്ചയുടെ തെളിവാണ് കുയറ്റിന്റെ വരവെന്നാണ് വിലയിരുത്തലുകള്‍.
36 കാരനായ കുയറ്റ് ഫെയനൂര്‍ഡ് എഫ്.സിയെ എറെഡിവൈസി കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെ കുയറ്റ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. ഫൈനലില്‍ കുയറ്റ് ഹാട്രിക് നേടുകയും ചെയ്തിരുന്നു. 1999 ന് ശേഷം ടീം നേടുന്ന ആദ്യ കിരീടമായിരുന്നു അത്.
എന്നാല്‍ അടുത്ത സീസണോടെ ഐ ലീഗും ഐ.എസ്.എ്ല്ലിന്റെ ഭാഗമാക്കാനുള്ള ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ കുയറ്റ് ഏത് ടീമിലായിരിക്കും കളിക്കുക എന്നത് കണ്ടറിയേണം.
250 ലധികം ഗോളുകള്‍ അക്കൗണ്ടിലുള്ള കുയറ്റിനെ ടീമിലെത്തിക്കുക എന്നത് എതൂ ഫ്രാഞ്ചൈസിയെ സംബന്ധിച്ചും വലിയ നേട്ടമായിരിക്കും. ഏതാണ്ട് അഞ്ച് കോടിയോളം രൂപ നല്‍കേണ്ടി വരും താരത്തെ ടീമിലെത്തിക്കാന്‍. ലിവര്‍പൂളിനും ഡച്ച് ടീമിനും വേണ്ടി പുറത്തെടുത്തിട്ടുള്ള കുയറ്റിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തില്‍ അദ്ദേഹത്തെ ടീമിലെടുക്കാന്‍ ആരും മടിച്ചെന്നു വരില്ല.
അയര്‍ലണ്ട് താരം ആരോണ്‍ ഹ്യൂസിന്റെ അഭാവം ഏല്‍പ്പിച്ച ആഘാതത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് കുയറ്റിനെ കൊമ്പന്മാരുടെ സംഘത്തിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചാല്‍ അത് ടീമിനെ പുതു ജീവന്‍ പകരുന്ന തീരുമാനമായിരിക്കും. ആറു വര്‍ഷം റെഡ്‌സിനു വേണ്ടി 208 മത്സരത്തില്‍ നിന്നുമായി 51 ഗോളുകള്‍ കുയറ്റ് നേടിയിരുന്നു.