കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ റയല്‍ മാഡ്രിഡ് കീഴ്പ്പെടുത്തിയിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
രണ്ട് ഗോളിന് മുന്നിലെത്തിയ മത്സരത്തിലാണ് പിന്നീട് അഞ്ച് ഗോള്‍ വഴങ്ങി ലിവര്‍പൂള്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്.
മത്സരത്തിന് ശേഷം ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്ലോപ്പിനെ പുറത്താക്കാന്‍ ലിവര്‍പൂള്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നേരത്തെ നേരത്തെ ഇ.എഫ്.എല്‍, എഫ്.എ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്തായപ്പോഴും പ്രീമിയര്‍ ലീഗിലെ മോശം ഫോമിനെ തുടര്‍ന്നും ലിവര്‍പൂളില്‍ ക്ലോപ്പിന്റെ ഭാവി ചോദ്യചിഹ്നമായി കിടക്കുകയായിരുന്നു.
ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരെ തോല്‍വി വഴങ്ങിയതോടെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ലിവര്‍പൂള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പകരക്കാരനായി ബയേണ്‍ മ്യൂണിക്ക് കോച്ച് നഗെല്‍സ്മാനെ ക്ലബ്ബിലെത്തിക്കാനും ലിവര്‍പൂള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മത്സരത്തിന്റെ തുടക്കത്തില്‍ ആന്‍ഫീല്‍ഡില്‍ സ്വപ്നതുല്യമായ തുടക്കമായിരുന്നു സ്വന്തം കാണികള്‍ക്കായി ചെമ്പട കാഴ്ചവെച്ചിരുന്നത്.
കളിയുടെ നാലാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനസിന്റേതായിരുന്നു ആദ്യ ഗോള്‍. പത്താം മിനിട്ടില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെ അവര്‍ക്ക് ലീഡുയര്‍ത്താനായി.
ആദ്യ 14 മിനിട്ടില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് റയലിനെ തകര്‍ക്കുമെന്ന് കരുതിയെങ്കിലും സ്പാനിഷ് വമ്പന്മാരുടെ കിടിലന്‍ തിരിച്ചുവരവാണ് കണ്ടത്.
വിനീഷ്യസ് ജൂനിയറിന്റെയും കരിം ബെന്‍സെമയുടെയും ഇരട്ട ഗോളുകളാണ് റയലിനെ വിജയക്കുതിപ്പിലേക്ക് നയിച്ചത്. എഡര്‍ മിലിറ്റാവോയാണ് റയലിനായി ഗോള്‍ നേടിയ മറ്റൊരു താരം.
കളിയുടെ 64ാം മിനിട്ടില്‍ ക്ലോപ്പ് നൂനസിനെ തിരിച്ച് വിളിച്ചിരുന്നു. അത് വലിയ മണ്ടത്തരമായെന്നും തുടര്‍ന്ന് നടത്തിയ സബ്സ്റ്റിറ്റിയൂട്സില്‍ വന്ന പാളിച്ചകളാണ് ലിവര്‍പൂളിന്റെ തോല്‍വിക്ക് കാരണമായതെന്നുമാണ് ആരാധകരുടെ വിമര്‍ശനം.
നൂനസിന് പിന്നാലെ ഗാക്പോയെയും ക്ലോപ്പ് പിന്‍വലിച്ചു. പകരക്കാരായിറങ്ങിയ ജോട്ടക്കും ഫെര്‍മിനോക്കും പ്രത്യേകിച്ചൊന്നും ചെയ്യാനായിരുന്നില്ല.
മാര്‍ച്ച് 16ന് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദ മത്സരം.
Content Highlights: Liverpool identify Jurgen Klopp replacement after loss to Real Madrid