ഇ.എഫ്.എല്‍ കപ്പില്‍ ലിവര്‍പൂള്‍ ഫൈനലില്‍ ഫുള്‍ഹാമിനെതിരെ നടന്ന രണ്ട്പാദ മത്സരങ്ങളില്‍ 3-2 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ആയിരുന്നു ക്‌ളോപ്പും കൂട്ടരും ഫൈനലിലേക്ക് നടന്നുകയറിയത്.
രണ്ടാംപാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. മത്സരം സമനിലയായെങ്കിലും ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ലിവര്‍പൂള്‍ വിജയിച്ചതാണ് ക്‌ളോപ്പിനും കൂട്ടര്‍ക്കും ഫൈനല്‍ പ്രവേശനം എളുപ്പമാക്കിയത്.
ഈ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാന്‍ ലിവര്‍പൂളിന് സാധിച്ചു. ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലിലേക്ക് 14ാം തവണയാണ് ലിവര്‍പൂള്‍ യോഗ്യത നേടുന്നത്.
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബുകൾക്കും ഇത്രയധികം തവണ ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇതിനുമുമ്പ് 13 തവണയാണ് ലിവര്‍പൂള്‍ ഫൈനലില്‍ എത്തിയത് അതില്‍ ഒമ്പത് തവണ കിരീടം സ്വന്തമാക്കിയപ്പോള്‍ നാല് തവണയാണ് രണ്ടാം സ്ഥാനക്കാരായി മാറിയത്.
ഇ.എഫ്.എല്‍ കപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ തവണ യോഗ്യത നേടിയ ടീമുകള്‍, ഫൈനലില്‍ എത്ര തവണ എത്തി എന്നീ ക്രമത്തില്‍
ലിവര്‍പൂള്‍-14
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-10
മാഞ്ചസ്റ്റര്‍ സിറ്റി-9
ആസ്റ്റണ്‍ വില്ല-9
ചെല്‍സി-9
ടോട്ടന്‍ഹാം ഹോട്‌സ്പര്‍-9
ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രവാന്‍ കൊട്ടെജില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഫുള്‍ഹാം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ലൂയിസ് ഡയസിലൂടെ ലിവര്‍പൂള്‍ ആണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഇസ ഡിയോപിലൂടെ ഫുള്‍ ഹാം സമനിലഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.